നവകേരളയാത്രക്കിടയിലെ ‘രക്ഷാപ്രവര്‍ത്തനം’; ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ്

0

ആലപ്പുഴ: നവകേരളയാത്രയ്ക്കിടെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ്. കേസ് അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് റഫറന്‍സ് റിപ്പോര്‍ട്ട് നല്‍കി. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് പര്യാപ്തമായ ഇടപെടല്‍ മാത്രമാണ് നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

വാഹനത്തിനടുത്തേക്ക് പാഞ്ഞടുത്തവരെ തടയുക മാത്രമാണ് ഗണ്‍മാന്‍മാര്‍ ചെയ്തത്. ഗണ്‍മാന്‍മാര്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. പരാതിക്കാധാരമായ തെളിവുകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വച്ചാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ രണ്ട് ഗണ്‍മാന്‍മാരെ ചോദ്യം ചെയ്തിരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് അനില്‍ കുമാര്‍, സന്ദീപ് എന്നീ ഗണ്‍മാന്‍മാരെ ചോദ്യം ചെയ്തിരുന്നത്.

ഡിസംബര്‍ 15നാണ് ആലപ്പുഴ ടൗണില്‍വച്ച് യൂത്ത്കോണ്‍ഗ്രസ്-കെഎസ് യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. ഇതിനെതിരെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരാണ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയ ശേഷമാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയത് രക്ഷാപ്രവര്‍ത്തനമാണെന്ന മുഖ്യമന്ത്രിയുടെ പരമാര്‍ശം വിവാദമായിരുന്നു.

Leave a Reply