മുംബൈ മെട്രോ പുതിയ ലൈന്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; വിദ്യാര്‍ത്ഥികളോട് സംവദിച്ച് ആദ്യയാത്ര

0

മുംബൈ: ബാന്ദ്ര–കുർള കോംപ്ലക്സിലേക്കുള്ള (ബികെസി) ഭൂഗർഭ മെട്രോ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്ഘാടനത്തിന് ശേഷം സാന്താക്രൂസ് സ്റ്റേഷൻ വരെയും അവിടെ നിന്ന് തിരിച്ചും പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്തു.

യാത്രയ്ക്കിടെ വിദ്യാർത്ഥികളുമായും മെട്രോ സർവീസ് നിർമ്മാണം നടത്തിയ തൊഴിലാളികളുമായും സംവദിച്ചു. മഹാരാഷ്ട്ര സിഎംഒ പോസ്റ്റ് ചെയ്ത വീഡിയോയിൽ മോദി വിദ്യാർത്ഥികളുമായും മെട്രോ തൊഴിലാളികളുമായും മറ്റുള്ളവരുമായും സംവദിക്കുന്നതും കാണാം.

MetroConnect3 ആപ്പും അദ്ദേഹം പുറത്തിറക്കി. ഭൂഗർഭ മെട്രോ യാത്രയുടെ മനോഹരമായ ഫോട്ടോകൾ അടങ്ങിയ ഒരു കോഫി ടേബിൾ ബുക്കും മോദി പുറത്തിറക്കിയിട്ടുണ്ട്. മഹാരാഷ്ട്ര ഗവർണർ സിപി രാധാകൃഷ്ണൻ, കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

അന്ധേരിക്കടുത്ത് ആരേ കോളനിയിൽ നിന്നു ബാന്ദ്രാ–കുർള കോംപ്ലക്സിലേക്ക് (ബികെസി) മെട്രോ സർവീസ് തുറക്കുന്നതോടെ നഗരവാസികളുടെ 13 വർഷത്തെ കാത്തിരിപ്പാണ് യാഥാർത്ഥ്യമാകുന്നത്. നാളെയാണ് പാത യാത്രക്കാർക്കായി തുറന്ന് കൊടുക്കുക. മുംബൈ നഗരത്തിലെ ആദ്യ ഭൂഗർഭ മെട്രോപാതയാണ് മെട്രോ 3. അക്വാലൈൻ എന്നും പേരുള്ള പദ്ധതിക്ക് 2011ൽ ആണ് അനുമതി നൽകിയത്. അന്ന് 23,000 കോടി രൂപയായിരുന്നു ബജറ്റെങ്കിലും പിന്നീടത് 37,000 കോടിയായി ഉയർന്നു. ജപ്പാൻ ഇന്റർനാഷനൽ കോർപറേഷൻ ഏജൻസിയുടെ സഹകരണത്തോടെയാണ് പദ്ധതി പൂർത്തിയാക്കുന്നത്.

Leave a Reply