തിരുവനന്തപുരം: സാധാരണക്കാരന്റെ നികുതി പണം ഉപയോഗിച്ചാണ് പിണറായി സർക്കാർ പി ആർ ഏജൻസിയെ വച്ചിരിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. കഴിഞ്ഞ എട്ട് വർഷം പിആർ ഏജൻസികൾക്ക് വേണ്ടി സർക്കാർ എത്ര രൂപ ചെലവഴിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു പത്രം ഇത്രയും വലിയ വാർത്ത പ്രചരിപ്പിച്ചിട്ടും മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ല. വാർത്ത വന്നതിന് ശേഷം വിമർശനങ്ങൾ വരുമ്പോഴും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു വിശദീകരണവുമില്ല. മരുമകനെ ഇറക്കിയാണ് പിണറായി ഇപ്പോൾ കളിക്കുന്നത്. പിണറായി വിജയൻ തലയാണ്, തലച്ചോറാണ്, തലത്തൊട്ടപ്പനാണ് എന്നൊക്കെയുള്ള ഡയലോഗുകൾക്ക് പകരം മുഖ്യമന്ത്രി നേരിട്ട് തന്നെ ഇതിൽ വ്യക്തതവരുത്തണം.
ഹിന്ദു പത്രം തിരുത്തി എന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. നമ്മളൊക്കെ വായിക്കുന്നതിന് വ്യത്യസ്തമായ വാർത്താവായന രീതിയാണ് മുഖ്യമന്ത്രിക്കുള്ളതെന്നാണ് തോന്നുന്നത്. ഇതിൽ നിന്നൊക്കെ ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി ഇപ്പോൾ ശ്രമിക്കുന്നത്. സാമൂഹ്യക്ഷേമ പെൻഷൻ കൊടുക്കാൻ പറ്റാത്ത സർക്കാരാണ് കോടികൾ ചെലവഴിച്ച് പി. ആർ ഏജൻസിയെ കൊണ്ടുവന്നിരിക്കുന്നത്.
സ്വർണക്കടത്ത് ഇടപാടുകൾ രാജ്യദ്രോഹ കുറ്റമല്ലെന്നാണ് പിണറായി വിജയൻ ഇപ്പോൾ പറയുന്നത്. കിങ്കരന്മാരെ ഇറക്കി വിശദീകരണം നൽകുന്നതിന് പകരം മുഖ്യമന്ത്രി തന്നെ ഇത് വിശദീകരിക്കണം. ഇന്ന് ഭൂരിപക്ഷ സമുദായം സിപിഎമ്മിനെ കൈയ്യൊഴിഞ്ഞു. ഇതൊക്കെ തിരിച്ചുകൊണ്ടുവരാനാണ് പിആർ ഏജൻസികളെ പിണറായി നിയോഗിച്ചിരിക്കുന്നത്. എത്ര ശ്രമിച്ചാലും അത് നടക്കില്ലെന്നും വി മുരളീധരൻ പറഞ്ഞു.