പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം; ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കിയുമായി പൊലീസ്

0

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ പ്രേരണാ കുറ്റക്കേസില്‍ പ്രതിയായ പിപി ദിവ്യയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫിസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പ്രതിഷേധം സഘര്‍ഷമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം ഏറെനേരം വാഹനഗതാഗതം തടസപ്പെട്ടു.

പൊലിസ് ബാരിക്കേഡ് വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ മറിച്ചിടാന്‍ ശ്രമിച്ചു. അര മണിക്കൂറോളം നേരം പൊലിസും പ്രതിഷേധക്കാരും തമ്മില്‍ ബലാബലമുണ്ടായി. ഇതിനിടെ അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചു വിടുന്നതിനായി പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജ്യൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, പിപി ദിവ്യയെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബിജെപി പ്രതിഷേധം.

സമരത്തിന് നേതൃത്വം നല്‍കിയ സംസ്ഥാനജനറല്‍ സെക്രട്ടറി പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് എന്നിവരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചു ദേശീയ സമിതി അംഗം സി.രഘുനാഥിന്റെ നേതൃത്വത്തിലാണ് പൊലിസ് സ്റ്റേഷനു മുന്‍പില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. അറസ്റ്റു ചെയ്ത നേതാക്കളെ വിട്ടയക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ പി പ്രകാശ് ബാബു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എന്‍ ഹരിദാസ് അധ്യക്ഷനായി. നേതാക്കളായ വിജയന്‍ വട്ടിപ്രം, എം ആര്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply