ആയിരം തവണ ഗംഗാജലത്തിൽ മുങ്ങിയാലും പിണറായിയുടെ പാപക്കറ കഴുകി കളയാനാകില്ല, നിയമസഭയിൽ കോൺഗ്രസ് സിപിഎമ്മിന് മുന്നിൽ മുട്ടുമടക്കി: കെ സുരേന്ദ്രൻ

0

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ നിഴൽയുദ്ധം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തെ സംബന്ധിച്ച ​ഗൗരവകരമായ വിഷയങ്ങൾ ഉണ്ടായിട്ടും അതൊന്നും ചർച്ച ചെയ്യാതെ എ‍ഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ച് മാത്രമാണ് പ്രതിപക്ഷം ചർച്ച ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നിയമസഭയിലെ അടിയന്തര പ്രമേയം ഒത്തുകളിയാണ്. എഡിജിപിയും പൊളിറ്റിക്കൽ സെക്രട്ടറിയും കള്ളക്കടത്തുകാരെ സഹായിക്കുന്നുവെന്ന അൻവറിന്റെ ആരോപണത്തെ കുറിച്ചൊന്നും പ്രതിപക്ഷം ഒരക്ഷരം മിണ്ടുന്നില്ല. പുനർജനി തട്ടിപ്പ് കേസ് ഒതുക്കിതീർക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്. പിണറായി വിജയന് മുന്നിൽ കോൺഗ്രസ് മുട്ടുമടക്കി. മാദ്ധ്യമങ്ങൾ ഇവരുടെ ദുഷ്ടലാക്കിൽ വീഴരുത്.

പതിനായിരം അടിയന്തര പ്രമേയങ്ങൾ അവതരിപ്പിച്ചാലും ഈ പാപക്കറകൾ തീരുമോ. രാജ്യ​​ദ്രോഹ പ്രശ്നങ്ങളാണ് അടിയന്തര പ്രമേയത്തിൽ ചർച്ച ചെയ്യേണ്ടത്. എഡിജിപിയും പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് നടത്തുന്നവരിൽ നിന്ന് കമ്മീഷൻ വാങ്ങിയെന്ന് അൻവർ ആരോപിച്ചു. ഇതൊന്നും പ്രതിപക്ഷം പറയുന്നില്ല”.

ആയിരം തവണ ​ഗം​ഗാജലത്തിൽ മുങ്ങിയാലും പിണറായി വിജയന്റെ പാപക്കറ കഴുകികളയാൻ സാധിക്കില്ല. നിയമസഭയിൽ നാടകമാണ് നടക്കുന്നത്. കോൺ​ഗ്രസിന്റെ ഭരണകാലത്താണ് ലാവ്‌ലിൻ കേസ് വിചാരണ കൂടാതെ തള്ളിയത്. ഇതിന് വി ഡി സതീശനും രമേശ് ചെന്നിത്തലക്കൊന്നും ഉത്തരമില്ല. ഇത് കോൺ​ഗ്രസ് പിണറായിക്ക് മുന്നിൽ നിരുപാധികം മുട്ടുമടക്കിയതിന്റെ തെളിവാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Leave a Reply