ജെറുസലേം: ഇസ്രയേല്‍ – ഹമാസ് യുദ്ധം തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. കഴിഞ്ഞ വർഷം ഒക്ടോബര്‍ 7ന് രാവിലെ ഏഴു മണിയോടെയാണ് ഇസ്രയേലിന്റെ സുരക്ഷാവേലികള്‍ തകര്‍ത്തെറിഞ്ഞ് ഹമാസിന്റെ അപ്രതീക്ഷിത ആക്രമണമുണ്ടാകുന്നത്. തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങളിലും സ്ഫോടനങ്ങളിലും 1200 ഓളം പേരാണ് കൊല്ലപ്പെട്ടത്. 251 പേരെ ഹമാസ് ബന്ദികളാക്കി.
ഇസ്രയേലി ചാരസംഘടനയായ മൊസാദിനും ഇസ്രയേലി ഡിഫന്‍സ് ഫോഴ്സിനും മുന്‍കൂട്ടി കാണാന്‍ കഴിയാതിരുന്ന ആ ആക്രമണത്തിന് ഓപ്പറേഷന്‍ അല്‍-അഖ്സ ഫ്ലഡ് എന്നാണ് ഹമാസ് പേരിട്ടിരുന്നത്. ആക്രമണത്തിന്റെ നടുക്കത്തില്‍ നിന്നും മോചിതമാകുന്നതിന് മുൻപ് രാവിലെ 10.47-ഓടെ ഓപ്പറേഷന്‍ അയണ്‍ സോഡ്സ് എന്ന പേരില്‍ ഇസ്രയേലിന്റെ പ്രത്യാക്രമണമുണ്ടായി. ഇസ്രയേല്‍ യുദ്ധം ആരംഭിച്ചു കഴിഞ്ഞുവെന്ന് 11.35-ഓടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവനയിലൂടെ ലോകത്തെ അറിയിച്ചു.
പന്ത്രണ്ടരയോടെ അമേരിക്ക ഇസ്രയേലിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. അന്ന് തുടങ്ങിയ യുദ്ധം, ഒരു വര്‍ഷമാകുമ്പോൾ ഹമാസിനു പുറമേ ലെബനനിലെ ഹിസ്ബുല്ലയുമായും യെമനിലെ ഹൂതികളുമായും ഇസ്രയേലിന്റെ യുദ്ധം ശക്തിപ്പെട്ടിരിക്കുന്നു. യെമനിലെ ഹൂതികള്‍ ഇസ്രയേലിലേക്ക് മിസൈലുകള്‍ വിക്ഷേപിക്കുകയും ചെങ്കടലില്‍ കപ്പലുകളെ നിരന്തരം ആക്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇനിയും എത്ര ലക്ഷങ്ങൾക്ക് ജീവൻ നഷ്ടപ്പെടുമെന്നും എത്ര പേർ അഭയാർഥികളായി തള്ളപെടുമെന്നും ആർക്കും പറയാനാകുന്നില്ല.
ഇതുവരെ 42,000 ത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 20 ലക്ഷത്തോളം പേരാണ് യുദ്ധത്തിന്റെ അനന്തരഫലം അനുഭവിക്കുന്നത്. 17,000 കുട്ടികളും മരണപ്പെട്ടു. ഇതിനിടെ ഹമാസിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളിലേക്കും ഇസ്രയേൽ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ഇറാൻ, സിറിയ, ലെബനനൻ, യെമൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളാണ് ഹമാസിന് പിന്തുണ നൽകുന്നത്. ഹമാസിനെ പൂർണമായും ഇല്ലാതാക്കുക, ബന്ദികളെ സുരക്ഷിതരായി തിരികെയെത്തിക്കുക, ഇനിയൊരു ഭീഷണിയുണ്ടാകാത്തവിധം അതിര്‍ത്തി സുരക്ഷിതമാക്കുക എന്നീ മൂന്നു ലക്ഷ്യങ്ങളാണ് ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ ബെഞ്ചമിൻ നെതന്യാഹു മുന്നോട്ടുവച്ചത്.