എറണാകുളം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെ ലഹരിപാർട്ടി കേസുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് കസ്റ്റഡിയിൽ. എളമക്കര സ്വദേശി ബിനു ജോസഫിനെയാണ് കസ്റ്റഡിയിലെടുത്തത്. ഓംപ്രകാശിന്റെ മുറിയിലേക്ക് ആളുകളെ എത്തിച്ചത് ഇയാളാണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും മുൻപും ലഹരി കേസിൽ ഇയാൾ പ്രതിയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ഓംപ്രകാശിന് ഹോട്ടലിൽ മുറിയെടുക്കാൻ സഹായിച്ചതും ജോസഫാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ബോബി ചലപതി എന്ന പേരിൽ ഓംപ്രകാശ് മൂന്ന് മുറികളെടുത്തുവെന്നാണ് സൂചന. ഇവിടേക്ക് ആളുകളെ എത്തിച്ചതിലും ലഹരിപാർട്ടി നടത്തുന്നതിന് ഓംപ്രകാശിനെ സഹായിച്ചതിലും ജോസഫിന്റെ പങ്ക് വിശദമായി അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
ലഹരിപാർട്ടിയിൽ പങ്കെടുത്ത 20 പേരുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സിനിമാ മേഖലയിലുള്ളവരും ഓംപ്രകാശിന്റെ മുറിയിലെത്തിയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ, ബൈജു, അനൂപ്, ഡോൺ ലൂയിസ്, അരുൺ, അലോഷ്യ, സ്‌നേഹ, ടിപ്‌സൺ, ശ്രീദേവി, രൂപ, പപ്പി തുടങ്ങിയവരും റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെടുന്നു.