തൃശൂര്‍ പൂരം അലങ്കോലപ്പെട്ടു എന്നല്ല അലങ്കോലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഇത്തരമൊരു പരാമര്‍ശം നടത്തിയിരുന്നു. അതിനെതിരെ സിപിഐ അടക്കം പ്രതികരിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വാര്‍ത്താക്കുൂറിപ്പ് ഇറക്കിയത്.
തൃശൂര്‍ പൂരം പാടെ കലങ്ങിപ്പോയി എന്ന മട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പൂരം നല്ല നിലയില്‍ തന്നെ നടന്നിട്ടുണ്ട്. എന്നാല്‍ വെടിക്കെട്ടിന്റെ സമയത്ത് ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. തൃശ്ശൂര്‍ റൗണ്ടില്‍ നിന്നും ജനങ്ങളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ഇതിന്റെ ഭാഗമായി ദീപാലങ്കാരങ്ങള്‍ ഓഫ് ചെയ്യുന്നതുള്‍പ്പെടെയുള്ള ചില നടപടികളും ഉണ്ടായിട്ടുണ്ട്. ഇതുകാരണം പുലര്‍ച്ചെ മൂന്നുമണിയോടുകൂടി നടക്കേണ്ട വെടിക്കെട്ട് രാവിലെയാണ് നടന്നത്. ചില ആചാരങ്ങള്‍ ദേവസ്വങ്ങള്‍ ആ സമയത്ത് ചുരുക്കി നടത്തുകയും ചെയ്തു. ഇതിനെയാണ് പൂരം അട്ടിമറിക്കപ്പെട്ടു എന്ന് പ്രചരിപ്പിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
പൂരം അലങ്കോലപ്പെട്ടു എന്നല്ല, അലങ്കോലപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായി എന്ന ഒരേ നിലപാടാണ് സര്‍ക്കാരിനെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. പൂരവും അതുപോലുള്ള ഉത്സവങ്ങളും വര്‍ഗീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് സംഘപരിവാറാണ്. അതുകൊണട് തന്നെ പൂരം കലക്കണം എന്നത് സംഘപരിവാറിന്റെ താല്പര്യം ആയിരുന്നു. സംഘപരിവാറിന്റെ ബി ടീമായി കളിക്കുന്നത് കൊണ്ടാണ് കോണ്‍ഗ്രസ് പൂരം കലങ്ങി എന്ന് പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഉദ്യോഗസ്ഥതലത്തില്‍ ആരെങ്കിലും കുറ്റം ചെയ്യുകയോ അനാസ്ഥ കാണിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് നിയമത്തിനു മുന്നില്‍ കൊണ്ടുവരും. അത്തരക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വരും വര്‍ഷങ്ങളില്‍ കുറ്റമറ്റരീതിയില്‍ പൂരം നടത്താനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാരെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം