പാലക്കാട്:മാധ്യമങ്ങള്‍ക്കുനേരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസ്. പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ചതിന് പിന്നാലെയാണ് എന്‍എന്‍ കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. ഷുക്കൂറുമായി പുറത്തിറങ്ങിയ എന്‍എന്‍ കൃഷ്ണദാസിനോട് പ്രതികരണം തേടിയപ്പോഴായിരുന്നു അധിക്ഷേപ പരാമര്‍ശം.
ഇറച്ചിക്കടയ്ക്ക് മുന്നില്‍ പട്ടികള്‍ നിന്നത് പോലെ ഷുക്കൂറിന്റെ വീടിന് മുന്നില്‍ രാവിലെ മുതല്‍ നിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്നായിരുന്നു പരാമര്‍ശം. ആയിരക്കണക്കിന് ആളുകളുടെ ചോരകൊണ്ട് ഉണ്ടാക്കിയ പാര്‍ട്ടിയാണ്. ഷുക്കൂറിന്റെ ഒരുതുള്ള ചോരയും ഈ പാര്‍ട്ടിയിലുണ്ട്. സിപിഎമ്മില്‍ പൊട്ടിത്തെറി, പൊട്ടിത്തെറി എന്ന് രാവിലെ മുതല്‍ കൊടുത്തവര്‍ ലജ്ജിച്ച് തലതാഴ്ത്തുക. ഷൂക്കൂറിന്റെ വീടിന് മുന്നില്‍ ഇറച്ചിക്കടക്ക് മുന്നില്‍ പട്ടികള്‍ നില്‍ക്കുംപോലെ കാവല്‍ നിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തുക.
ഷുക്കൂറിനെ നിങ്ങള്‍ക്ക് അറിയില്ലെന്നും ഷുക്കൂറിനൊന്നും പറയാനില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. ഷുക്കൂറിനോട് പ്രതികരണം തേടിയതിനെയും കൃഷ്ണദാസ് തടഞ്ഞു. ഷുക്കൂറിനുവേണ്ടി താന്‍ സംസാരിക്കുമെന്നായിരുന്നു മറുപടി. പാലക്കാട്ടെ സിപിഎമ്മിന്റെ രോമത്തില്‍ തൊടാനുള്ള ശേഷി ആര്‍ക്കുമില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. ‘എനിക്ക് ഇഷ്ടമുള്ളിടത്ത് താന്‍ പോകും. അതൊന്നും മാധ്യമങ്ങളോട് പറയേണ്ടതില്ല. പാലക്കാട് ഏത് വിട്ടിലും എനിക്ക് പോകാം. ഇറച്ചിക്കടയുടെ മുന്നില്‍ പട്ടിനില്‍ക്കുംപോലെ പോയി നില്‍ക്ക്. മതി, മതി പോയ്‌ക്കോ’ – കൃഷ്ണദാസ് പറഞ്ഞു.
അതേസമയം, പാര്‍ട്ടിവിട്ട ഏരിയാ കമ്മിറ്റി അംഗം അബ്ദുള്‍ ഷുക്കൂറിനെ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് സിപിഎം നേതൃത്വം ഒപ്പം നിര്‍ത്തി. സിപിഎം ജില്ലാ സെകട്ടറിയുടെ ഏകാധിപത്യവും പാര്‍ട്ടിയില്‍ നിന്നുള്ള അവഗണനയുമാണ് തീരുമാനത്തിന് കാരണമെന്ന് പ്രതികരിച്ചാണ് ഷുക്കൂര്‍ ഇടഞ്ഞു നിന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ അനുനയ നീക്കം ഫലം കണ്ടതോടെ ഇന്ന് വൈകിട്ടത്തെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ അബ്ദുള്‍ ഷുക്കൂര്‍ പങ്കെടുത്തു. പാലക്കാട് ഓട്ടോ ടാക്‌സി യൂണിയന്‍ ജില്ലാ ട്രഷററും മുന്‍ നഗരസഭ കൗണ്‍സിലറുമാണ് ഷുക്കൂര്‍.