പൂനെ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ കൂറ്റൻ വിജയവുമായി ചരിത്രം കുറിച്ച് ന്യൂസിലൻഡ്. 113 റൺസിനാണ് കിവീസ് ഇന്ത്യയെ പരാജയപ്പെടുത്തി മൂന്ന് മത്സരങ്ങളുള്ള പരമ്പര ന്യൂസിലൻഡ് സ്വന്തമാക്കി. 359 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 245 റൺസിന് പുറത്തായി.
2012ന് ശേഷം ആദ്യമായാണ് സ്വന്തം നാട്ടിൽ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നഷ്ടമാകുന്നത്. ഇംഗ്ലണ്ടായിരുന്നു അന്ന് ഇന്ത്യയെ പരാജയപ്പെടുത്തിയത് (2-1). 2013ന് ശേഷം തുടർച്ചയായി 18 ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ നേടിയിട്ടുള്ളത്. ഇന്ത്യയിൽ ന്യൂസിലൻഡ് നേടുന്ന ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണിത്.
മിച്ചൽ സാന്റനറിന്റെ പന്തുകൾക്ക് മുന്നിലായിരുന്നു ഇന്ത്യൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ വീണിത്. രോഹിത് ശർമ (8) പരാജയപ്പെട്ടെങ്കിലും യശസ്വി ജയ്‌സ്വാൾ ശുഭ്മാൻ ഗിൽ സഖ്യം ഇന്ത്യയ്ക്ക് ആദ്യ സെഷനിൽ മുൻതൂക്കം നൽകി. എന്നാൽ, രണ്ടാം സെഷനിൽ മറിച്ചായിരുന്നു കാര്യങ്ങൾ. ഇന്ത്യയ്ക്ക് ആറ് വിക്കറ്റുകളാണ് നഷ്ടമായത്. അതിൽ നാലും നേടി തന്റെ കരിയറിലെ രണ്ടാം അഞ്ച് വിക്കറ്റ് സാന്റ്‌നർ സ്വന്തമാക്കി.
ജയ്‌സ്വാളിന്റെ (77) വിക്കറ്റ് വീണതോടെയായിരുന്നു തകർച്ചയുടെ തുടക്കം. പിന്നാലെ ഋഷഭ് പന്ത് റണ്ണൗട്ടുമായതോടെ ഇന്ത്യയ്ക്ക് ഇരട്ടപ്രഹരമായി. വിരാട് കോഹ്ലി (17), വാഷിങ്ടൺ സുന്ദർ (21), സർഫറാസ് ഖാൻ (9) എന്നിവർക്കും അതിജീവിക്കാനായില്ല ന്യൂസിലൻഡിന്റെ സ്പിൻ വലയത്തെ. 39 റൺസ് ചേർത്ത അശ്വിൻ-ജഡേജ സഖ്യമാണ് ഇന്ത്യൻ സ്‌കോർ 200 കടത്തിയത്.
103 റൺസ് ഒന്നാം ഇന്നിങ്‌സ് ലീഡുമായി ഇറങ്ങിയ ന്യൂസിലൻഡ് രണ്ടാം ഇന്നിങ്‌സിൽ 255 റൺസിന് പുറത്താകുകയായിരുന്നു. 1985 എന്ന നിലയിൽ മൂന്നാം ദിനം പുനരാരംഭിച്ച സന്ദർശകർക്ക് 57 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. ഇന്ത്യയ്ക്കായി വാഷിങ്ടൺ സുന്ദർ നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റുകൾ നേടി.
മൂന്നാം ദിനം ന്യൂസിലൻഡിനെ എത്രയും വേഗം പുറത്താക്കുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. 48 റൺസിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ച് ജഡേജ കളിയിലെ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. 83 പന്തിൽ 41 റൺസ് നേടിയ ടോം ബ്ലണ്ടൽ ബൗൾഡാവുകയായിരുന്നു.