അദ്ധ്യാപകരുടെ ശമ്പളബില്ലിലെ പുതിയ ഉത്തരവ്; സർക്കാർ ജീവനക്കാരുടെ ശമ്പളം തടസ്സപ്പെടുത്തും; പ്രതികാര നടപടി പിൻവലിക്കണമെന്ന് എൻജിഒ സംഘ്

0

പത്തനംതിട്ട: സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലെ അദ്ധ്യാപകരുടെയും – അനദ്ധ്യാപകരുടെയും ശമ്പള ബിൽ ഒക്ടോബർ മാസം മുതൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അംഗീകാരത്തോടു കൂടി മേലൊപ്പ് വച്ച് ട്രഷറിയിൽ സമർപ്പിക്കണമെന്ന സർക്കാർ ഉത്തരവ് ജീവനക്കാരെയും അദ്ധ്യാപകരെയും ബുദ്ധിമുട്ടിക്കുന്നതാണെന്ന് എൻ.ജി.ഒ. സംഘ്. അതത് സ്ഥാപന മേധാവികൾ ഒപ്പിട്ട് ശമ്പള ബിൽ നേരിട്ട് ട്രഷറിയിൽ സമർപ്പിച്ച് ശമ്പളം കൈപ്പറ്റുന്ന നിലവിലെ രീതി തടഞ്ഞു കൊണ്ടാണ് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ബോധപൂർവ്വം വൈകിപ്പിക്കുന്നതിനുള്ള ശ്രമമാണിത്. സാലറി ചലഞ്ചിൽ എയ്ഡഡ് മേഖലയിലെ അദ്ധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ പങ്കാളിത്തം സർക്കാരിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നിരുന്നില്ല. ഇതിന്റെ പ്രതികാരമായാണ് ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കിയതെന്ന് സംശയിക്കുന്നു. എയ്ഡഡ് മേഖലയിലെ ജീവനക്കാരുടെ ശമ്പളം തടസ്സപ്പെടുത്തുന്ന വിവേചനപരമായ ഉത്തരവ് പിൻവലിച്ച് ശമ്പളം യഥാസമയം ലഭ്യമാക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്ന് കേരള എൻ.ജി.ഒ. സംഘ് സംസ്ഥാന പ്രസിഡന്റ്‌ ടി. ദേവാനന്ദൻ ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.

Leave a Reply