ഹരിയാനയിൽ കാവിക്കൊടി പാറുമെന്ന് നയാബ് സിംഗ് സെയ്‌നിയും, മനോഹർ ലാൽ ഖട്ടറും; വോട്ടർമാർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

0

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ടർമാർ തങ്ങളുടെ സമ്മതിദായക അവകാശം വിനിയോഗിക്കാനും വോട്ടിംഗിൽ പുതിയ റെക്കോർഡ് ഇടുന്നതിനും ശ്രമിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. എക്‌സിലൂടെയാണ് അദ്ദേഹം വോട്ടർമാർക്ക് ആശംസകൾ നേർന്നത്.

” ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കുചേരുവാനും വോട്ടിംഗിൽ പുതിയ റെക്കോർഡ് സ്ഥാപിക്കാനും ഞാൻ എല്ലാ വോട്ടർമാരോടും അഭ്യർത്ഥിക്കുന്നു. ഈ അവസരത്തിൽ കന്നി വോട്ടർമാർക്കും എല്ലാ യുവ സുഹൃത്തുക്കൾക്കും ആശംസകൾ നേരുന്നു.”- പ്രധാനമന്ത്രി കുറിച്ചു.

അതേസമയം, സംസ്ഥാനത്തെ ജനങ്ങളോട് താമര ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയും ആഹ്വാനം ചെയ്തു. ഹരിയാനയുടെ വികസനം നിർത്താതെ മുന്നോട്ട് കൊണ്ടുപോകേണ്ടത് ഓരോരുത്തരുടെയും കടമയാണ്. അതിനാൽ ജനങ്ങൾ താമര ചിഹ്നത്തിൽ അമർത്തി ബിജെപിയെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും നയാബ് സിംഗ് സൈനി പറഞ്ഞു.

ഹരിയാനയിൽ ഇത്തവണ 50 സീറ്റുകളിലധികം കാവിക്കൊടി പാറുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ മനോഹർ ലാൽ ഖട്ടർ വ്യക്തമാക്കി. മൂന്നാം തവണയും ഹരിയാനയിൽ ബിജെപി ഭരണം നിലനിർത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ 90 മണ്ഡലങ്ങളിൽ നിന്നായി ആകെ 1,031 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നുണ്ട്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ. വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് പിന്നാലെ ഹരിയാന, ജമ്മു കശ്മീർ തെരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോൾ ഫലങ്ങളും ഇന്ന് പുറത്തുവരും.

Leave a Reply