തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന പകർച്ചവ്യാധികളുടെ കാരണം കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പിന്റെ വൺ ഹെൽത്തിന്റെ ഭാഗമായി സംയോജിത പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മനുഷ്യനെ ഗുരുതരമായി ബാധിക്കാവുന്ന രോഗങ്ങളുടെ വ്യാപനം കണ്ടെത്തുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനുമാണ് പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു.
ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പകർച്ചവ്യാധികളുടെ കണക്കുകൾ അടിസ്ഥാനമാക്കി പഞ്ചായത്ത് തലത്തിലുൾപ്പെടെയാണ് ഫീൽഡുതല പരിശോധനകൾ സംഘടിപ്പിച്ചിരിക്കുന്നത്. പ്രവർത്തന മാർഗരേഖ തയ്യാറാക്കി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ പരിശോധന നടന്നിരുന്നു. പരിശോധനകൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതല ടീമിനെയും നിയോഗിച്ചിട്ടുണ്ട്.
പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള കാരണം കണ്ടെത്തിയതിന് ശേഷം പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. കോട്ടയം ജില്ലയിൽ എലിപ്പനി, ആലപ്പുഴയിൽ പക്ഷിപ്പനി, ഇടുക്കിയിൽ ചെള്ളുപനി, പത്തനംതിട്ടയിൽ ജലജന്യ രോഗങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫീൽഡുതല പരിശോധനകളാണ് നടന്നത്.
ഫീൽഡുതല പരിശോധനകളുടെ കണ്ടെത്തലുകൾക്കനുസരിച്ച് മാർഗരേഖയിൽ മാറ്റങ്ങൾ വരുത്തി അന്തിമരൂപം നൽകും. പരിശോധനകൾക്ക് മുന്നോടിയായി ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ എന്നിവർക്ക് പരിശീലനം നൽകുന്നതിനായി വകുപ്പുതല ഏകോപന യോഗങ്ങളും അതത് ജില്ലകളിൽ സംഘടിപ്പിച്ചിട്ടുണ്ട്.