മനാഫിനെ പ്രതിപട്ടികയിൽ‌ നിന്ന് നീക്കിയേക്കും; അപകീർത്തികരമായി ഒന്നും ചെയ്തില്ലെന്ന് കണ്ടെത്തൽ

0

കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ട അർജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബർ ആക്രമണ പരാതിയിൽ ലോറി ഉടമ മനാഫിനെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയേക്കും. സൈബർ ആക്രമണം അന്വേഷിക്കണമെന്നായിരുന്നു അർജുന്റെ സഹോദരി അഞ്ചുവിന്റെ പരാതി. പ്രാഥമിക അന്വേഷണത്തിൽ മനാഫ് അപകീർത്തിപരമായി ഒന്നും ചെയ്തില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം.

കഴിഞ്ഞ ദിവസം പരാതിയിൽ അർജുന്റെ സഹോദരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ലോറി ഉടമ മനാഫ് എന്ന പേരിലുള്ള മനാഫിന്റെ യൂട്യൂബ് ചാനലിലെ വീഡിയോകളും പൊലീസ് പരിശോധിച്ചിരുന്നു. വീഡിയോയിൽ അർജുനെയോ കുടുംബത്തെയോ അപകീർത്തിപ്പെടുത്തുന്ന വിധം പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സൈബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചതായാണ് റിപ്പോർട്ട്.

സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ചേവായൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മെഡിക്കൽ കോളേജ് എസിപിയുടെ കീഴിലുള്ള സംഘമാണ് പരാതി അന്വേഷിച്ചത്. ഇതിനിടെ സേവ് അർജുൻ ആക്ഷൻ കമ്മിറ്റി പിരിച്ചുവിട്ടിട്ടുണ്ട്. കമ്മിറ്റി പ്രവർത്തനം അവസാനിപ്പിക്കണമെന്ന് അർജുൻ്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കുടുംബത്തിനെതിരെ അറിഞ്ഞുകൊണ്ടൊന്നും ചെയ്തിട്ടില്ല. കുടുംബത്തിനെതിരെ സൈബർ ആക്രമണം നടത്തരുതെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ മനാഫ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം മനാഫിനെതിരെ നടത്തിയ വാർത്താ സമ്മേളനത്തിന് പിന്നാലെ കുടുംബത്തിന് നേരെ സൈബർ ആക്രമണം ശക്തമായിരുന്നു. മനാഫ് തങ്ങളെ വൈകാരികമായി മാർക്കറ്റ് ചെയ്യുകയാണെന്നും മാധ്യമങ്ങൾക്ക് മുമ്പിൽ കള്ളം പറയുകയാണെന്നും അർജുന്റെ സഹോദ​രി ഭർത്താവ് ജിതിൻ ആരോപിച്ചിരുന്നു. യൂട്യൂബ് ചാനലുകളിൽ പ്രചരിപ്പിക്കുന്നത് അർജുന് 75,000 രൂപ സാലറി കിട്ടിയിട്ടും ജീവിക്കാൻ സാധിക്കുന്നില്ലെന്നാണ്. ഇതുവരെ അർജുന് 75,000 രൂപ സാലറി കിട്ടിയിട്ടില്ല. അർജുന്റെ പണമെടുത്ത് ജീവിക്കുന്ന സഹോദരിമാർ, സഹോദരന്മാർ തുടങ്ങിയ ആക്ഷേപങ്ങൾ നേരിടുന്നുണ്ട്. അർജുൻ മരിച്ചത് നന്നായെന്ന കമന്റുകൾ ഉൾപ്പെടെ കണ്ടെന്നും ഇത് വേദനയുണ്ടാക്കി എന്നും ജിതിൻ പറഞ്ഞു. പരാതി നൽകിയതിന് പിന്നാലെ വൈകാരികമായ ഇടപെടലുണ്ടായതിൽ അർജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്നും മനാഫ് പറഞ്ഞിരുന്നു.

Leave a Reply