‘
തൃശ്ശൂർ: മലപ്പുറത്തിനെതിരെ തെറ്റായ പ്രചരണം നടത്തുന്നത് സംഘപരിവാറും കോൺഗ്രസുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കരയിലെ എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടന വേദിയിൽ വച്ചായിരുന്നു സ്വർണ്ണക്കടത്ത് കേസുകൾ എണ്ണി പറഞ്ഞ് മുഖ്യമന്ത്രിയുടെ മറുപടി. മലപ്പുറം ജില്ലയിൽ വച്ച് ഇത്രയും സ്വർണം പിടികൂടി എന്ന് പറയുമ്പോൾ അത് മലപ്പുറം ജില്ലയ്ക്ക് എതിരായല്ല പറയുന്നത്. മലപ്പുറം ജില്ലയിലാണ് കരിപ്പൂർ വിമാനത്താവളം ഉള്ളത്. അതുകൊണ്ടാണ് അങ്ങിനെ പറഞ്ഞതും. വിമാനത്താവളത്തെ പറ്റി പറയുന്നത് മലപ്പുറത്തെ വിമർശിക്കലല്ല. കണക്കുകൾ പറയുമ്പോൾ എന്തിനാണ് പൊള്ളുന്നതെന്ന് മുഖ്യമന്ത്രി വേദിയിൽ പറഞ്ഞു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ സംസ്ഥാനത്ത് പൊലീസ് കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കള്ളക്കടത്ത് സ്വർണം പിടിച്ചത് ചെയ്യാൻ പാടില്ലാത്ത കാര്യമെന്ന നിലയിലാണ് ചിലരുടെ പ്രചരണം. ഇതൊക്കെ നടന്നോട്ടെ എന്ന് ഏജൻസികൾ കരുതണമെന്നാണോയെന്ന് അൻവറിനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു. മൂന്നു വർഷത്തിൽ 147. 9 കിലോ കടത്ത് സ്വർണം പൊലീസ് പിടികൂടി. ഇതിൽ 124 കിലോ സ്വർണം പിടിച്ചത് മലപ്പുറത്ത് നിന്നാണ്. അവിടെയാണ് കരിപ്പൂർ വിമാനത്താവളമുള്ളത്. അതുകൊണ്ടാണ് ആ ജില്ലയിൽ നിന്ന് പിടിച്ചത് എന്നു പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹവാല പണവും ഏറിയ പങ്കും പിടിച്ചത് മലപ്പുറത്തു നിന്നാണ്. ഇത് തടയാൻ സർക്കാരിന് ഉത്തരവാദിത്തമില്ലേ? സ്വർണക്കടത്ത് തടയാൻ സർക്കാരിന് ഉത്തരവാദിത്തമില്ലേ? അതിന് എന്തിനാണ് വേവലാതി? മലപ്പുറത്തെ തെറ്റായി ചിത്രീകരിക്കാൻ എന്നും ശ്രമിച്ചത് സംഘപരിവാറാണ്. അതിനൊപ്പം നിന്നത് കോൺഗ്രസാണ്. മലപ്പുറം ജില്ലാ രൂപീകരണം കോൺഗ്രസ് എതിർത്തു. കൊച്ചു പാക്കിസ്ഥാൻ എന്ന് വിളിച്ച കോൺഗ്രസിനൊപ്പം മുസ്‌ലിം ലീഗ് പോയി. മലപ്പുറം ജില്ലാ രൂപീകരണം ശരിയായിരുന്നു എന്ന് തെളിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറത്തെ ഒരു കുറ്റ കൃത്യം മറ്റ് ഏതൊരു ജില്ലയിലെയും പോലെ തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് ഒരു കുറ്റകൃത്യമുണ്ടായാൽ ഏതെങ്കിലും സമുദായത്തിൻ്റെ കുറ്റ കൃത്യമായല്ല അതിനെ കാണേണ്ടത്. ഏതെങ്കിലും ഒരു സമുദായത്തിൻ്റെ പെടലിക്ക് ആ കുറ്റകൃത്യത്തിൻ്റെ ഉത്തരവാദിത്തം കെട്ടിവയ്ക്കുന്ന നിലപാട് സർക്കാരിനില്ല. കുറ്റകൃത്യത്തെ കുറ്റകൃത്യമായി കാണണം. എൽഡിഎഫ് 2016 ൽ അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ ദേശീയപാത വികസനം സാധ്യമാകുമായിരുന്നോ എന്നും അദ്ദേഹം.