പെൺകരുത്തിൽ ലങ്കയെ പിടിച്ചുക്കെട്ടി ടി20 ലോകകപ്പിൽ സെമി പ്രതീക്ഷകൾ സജീവമാക്കി ഇന്ത്യ. ലങ്കൻ വനിതകൾക്കെതിരെ 82 റൺസിന്റെ കൂറ്റൻ ജയമാണ് അവർ സ്വന്തമാക്കിയത്. 19.5 ഓവറിൽ ശ്രീലങ്ക 90 റൺസിന് പുറത്തായി. റൺസ് അടിസ്ഥാനമാക്കിയുള്ള ടി20 ലോകകപ്പ് ചരിത്രത്തിലെ മികച്ച വിജയത്തോടെ നെറ്റ് റൺറേറ്റിൽ മേലെ കയറാനും ഇന്ത്യക്കായി. +0.576 റൺറേറ്റും രണ്ടു ജയവുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മലയാളി താരം ആശാ ശോഭന മൂന്ന് വിക്കറ്റുമായി തിളങ്ങി.അരുന്ധതി റെഡ്ഡിയും മൂന്ന് വിക്കറ്റ് പിഴുത് ലങ്കയുടെ നട്ടെല്ലൊടിച്ചു. ഇന്ത്യയുയർത്തി 173 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കൻ വനിതകൾക്ക് ആദ്യ ഓവറിലെ കാലിടറി.
ഇന്നിംഗ്സിന്റെ രണ്ടാം പന്തിൽ വിഷ്മി ഗുണരത്നയെ രേണുക സിംഗ് ഡക്കാക്കി. പിന്നീട് അവർക്ക് ഒരിക്കൽപോലും മത്സരത്തിലേക്ക് തിരികെ വരാനായില്ല. ഇന്ത്യൻ ബൗളർമാർ ഇടവേളകളിൽ വിക്കറ്റ് പിഴുതതോടെ ശ്രീലങ്ക തകർന്നടിഞ്ഞു. നാലാം വിക്കറ്റി സഞ്ജീവനി ദിൽഹരി കൂട്ടുക്കെട്ട് 37 റൺസ് ചേർത്തെങ്കിലും ആശാ ശോഭന അനുഷ്ക സഞ്ജീവനിയെ പുറത്താക്കി പ്രതീക്ഷകൾ അവസാനിപ്പിച്ചു.
ലങ്കൻ നിരയിൽ നാലുപേർ മാത്രമാണ് രണ്ടക്കം കടന്നത്.21 റൺസ് നേടിയ കവിഷ ദിൽഹരിയാണ് ടോപ് സ്കോറർ. സഞ്ജീവനി 20 റൺസ് നേടി. അമ കാഞ്ചന (19) ആണ് മറ്റൊരു ടോപ് സ്കോറർ. രേണുക സിംഗ് രണ്ടുവിക്കറ്റ് നേടിയപ്പോൾ ശ്രേയങ്ക പാട്ടീലിനും ദീപ്തി ശർമയ്‌ക്കും ഒരോ വിക്കറ്റ് വീതം ലഭിച്ചു. ക്യാപ്റ്റൻ ഹർമൻ പ്രീത് ആണ് കളിയിലെ താരം.