കൃഷ്ണദാസിന്റെ പരാമർശം ശ്രദ്ധയിൽപെട്ടില്ല; പട്ടികളോട് ഉപമിച്ചത് ശരിയല്ല, മാപ്പ് ചോദിക്കുന്നുവെന്ന് പി. സരിൻ

0

പാലക്കാട്: സിപിഎം സംസ്ഥാന സമിതി അം​ഗം എൻ.എൻ കൃഷ്ണദാസ് മാദ്ധ്യമ പ്രവർത്തകരെ ആക്ഷേപിച്ച് നടത്തിയ പരാമർശം ശ്രദ്ധയിൽപെട്ടില്ലെന്ന് ഡോ. പി സരിൻ. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും പാലക്കാട് സിപിഎം സ്ഥാനാർത്ഥി സരിൻ പറഞ്ഞു.

മാദ്ധ്യമപ്രവർത്തനത്തിന്റെ നല്ല വഴികളിലൂടെ സഞ്ചരിക്കുന്നവരാണ് കേരളത്തിലെ മാദ്ധ്യമ പ്രവർത്തകർ. ഇറച്ചിക്കടയ്‌ക്ക് മുന്നിലെ പട്ടികളാണെന്ന് ആര് പറഞ്ഞാലും ശരിയല്ലെന്നും സരിൻ പറഞ്ഞു.

സിപിഎം മുതിർന്ന നേതാവ് പി.കെ ശ്രീമതിയും എൻ.എൻ കൃഷ്ണദാസിനെ പരോക്ഷമായി വിമർശിച്ച് രം​ഗത്തെത്തിയിരുന്നു. മറ്റുള്ളവരെ വേദനിപ്പിക്കുന്ന പ്രയോ​ഗങ്ങൾ പാടില്ലെന്ന് അവർ പറഞ്ഞിരുന്നു. എന്നാൽ എൻ. എൻ കൃഷ്ണദാസിന്റെ പരാമർശങ്ങളെ ന്യായീകരിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചത്. മാദ്ധ്യമങ്ങൾ ഉപയോ​ഗിക്കുന്ന ഭാഷയിൽ തന്നെയാണ് മാദ്ധ്യമങ്ങൾക്ക് വിമർശനമുണ്ടായത്. നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികൾക്ക് കിട്ടുന്ന ഓരോ പദപ്രയോ​ഗങ്ങളാണ് ഇവയെന്നായിരുന്നു എം.വി ​ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.

അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന നിലപാടിൽ തന്നെയാണ് എൻ. എൻ കൃഷ്ണദാസ്. ഉറച്ച ബോധ്യത്തിലാണ് പരാമർശം നടത്തിയതെന്നും അബദ്ധത്തിൽ പറഞ്ഞതല്ലെന്നും അദ്ദേഹം ഇന്ന് വ്യക്തമാക്കിയിരുന്നു. മാദ്ധ്യമങ്ങളെ ഉദ്ദേശിച്ച് തന്നെയാണ് അത്തരമൊരു പരമാർശം നടത്തിയതെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

Leave a Reply