ന്യൂഡൽഹി: കാനഡയിലെ റേഡിയോ ജേണലിസ്റ്റായ ഋഷി നഗറിനെ ആക്രമിച്ച സംഘത്തിന് ഖലിസ്ഥാൻ ഭീകരസംഘടനകളുമായി അടുത്ത ബന്ധം. സിഖ് ഫോർ ജസ്റ്റിസിലെ പ്രധാനി ജസ്‌വീന്ദർ സിംഗ് ഗ്രെവാൾ സംഘത്തിലുണ്ടായിരുന്നതായി കാനഡ പൊലീസ് കണ്ടെത്തി.
ഖബ്ബർ ഖൽസാ ഇന്റർനാഷണലിന്റെ സ്ഥാപകനും കനിഷ്ക വിമാനത്തിലെ ബോംബാക്രമണത്തിലെ സൂത്രധാരനുമായ തൽവീന്ദർ പർമാറിന്റെ അനുസ്മരണ പരിപാടിയിലും ഗ്രെവാൾ പങ്കെടുത്തിരുന്നതായി പോലീസ് പറഞ്ഞു. കാൽഗറി സിറ്റി ഹാളിൽ സിഖ്‌സ് ഫോർ ജസ്റ്റിസാണ് പരിപാടി സംഘടിപ്പിച്ചത്.
സെപ്തംബർ 30 നാണ് കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഫ്എം കാൽഗറിയിലെ റേഡിയോ എഡിറ്ററായ ഋഷി നഗർ ആക്രമിക്കപ്പെട്ടത്. റിയോ ബാങ്ക്വെറ്റ് ഹാളിലേക്ക് പോകുന്നതിനിടെയാണ് ഒരു കൂട്ടം യുവാക്കൾ കൈയ്യേറ്റം ചെയ്തത്. അടുത്തിടെ കാനഡ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ ഭീകരവാദം ശക്തിപ്പെടുന്നതായി റേഡിയോ പരിപാടിക്കിടെ ഋഷി ചൂണ്ടിക്കാട്ടിയിരുന്നു. മാദ്ധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വതന്ത്യത്തിനും മേലുള്ള കടന്നാക്രമണമാണിതെന്നും അടുത്ത കാലത്തായി ഇത്തരം സംഭവങ്ങൾ കാനഡയിൽ വർധിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.