ഹൈദരാബാദ്: 2022ലെ മികച്ച നൃത്തസംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജാനി മാസ്റ്റർ എന്ന ഷെയ്ക് ജാനി ബാഷയ്ക്ക് നൽകാനുള്ള തീരുമാനം ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം റദ്ദാക്കി. പ്രായപൂര്‍ത്തിയാകാത്ത സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന കേസില്‍ അന്വേഷണം നടക്കുന്നതിനാലാണ് പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ് റദ്ദാക്കിയത്. കൂടാതെ ഡൽഹിയിൽ വെച്ച് നടക്കുന്ന ദേശീയ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ ജാനി മാസ്റ്ററിന് നൽകിയ ക്ഷണവും മന്ത്രാലയം പിൻവലിച്ചു.
ഈ മാസം എട്ടിന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി ജാനി മാസ്റ്റർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രാലയം പുരസ്‌കാരം റദ്ദാക്കിയത്. ധനുഷ് നായകനായ തിരുച്ചിത്രമ്പലം (2022) എന്ന ചിത്രത്തിലൂടെയാണ് ഇയാൾക്ക് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചത്. ജാനി മാസ്റ്ററും സതീഷ് കൃഷ്ണനും സംയുക്തമായാണ് പുരസ്‌കാരം നേടിയത്. സതീഷ് കൃഷ്ണ ചടങ്ങില്‍ പങ്കെടുക്കും എന്നാണ് സൂചന.
കഴിഞ്ഞ മാസമാണ് സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ ജാനി മാസ്റ്റർ അറസ്റ്റിലാകുന്നത്. സെക്ഷൻ 376 (2) (ലൈംഗിക അതിക്രമത്തിനുള്ള ശിക്ഷ), 506 ( ഭീഷണിപ്പെടുത്തൽ) കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323 ( സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനുള്ള ശിക്ഷ ), പോക്‌സോ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോൾ യുവതിക്ക് പ്രായപൂർത്തിയായിരുന്നില്ല. 2019 മുതൽ പെൺകുട്ടി ഇയാളുടെ സഹായിയായി പ്രവർത്തിച്ചു വരികയായിരുന്നു.