തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതിയായ ഗണേശ് ഝായുടെ മൊഴി പുറത്ത്. മോഷ്ടിച്ചതല്ലെന്നും ക്ഷേത്ര ജീവനക്കാരന്‍ തന്നതാണെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ആരെങ്കിലും തടഞ്ഞിരുന്നുവെങ്കില്‍ മടക്കി നല്‍കുമായിരുന്നുവെന്നും ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
ക്ഷേത്ര ജീവനക്കാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ക്ഷേത്രത്തില്‍ നിന്ന് നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ ഹരിയാന സ്വദേശികളായ മൂന്നു പേരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്ഷേത്രത്തില്‍ നിന്ന് നിവേദ്യ ഉരുളി മോഷണം പോയത്. ക്ഷേത്രത്തിലെ അതീവ സുരക്ഷാ മേഖലയില്‍ നിന്നുമാണ് മോഷണം പോയത്.15നാണ് ക്ഷേത്രം ഭാരവാഹികള്‍ വിവരം പൊലീസില്‍ അറിയിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ പ്രതികളുടെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പൊലീസിന്റെ പിടിയിലാകുന്നത്.
പ്രതികള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നല്‍കിയ പാസ്‌പോര്‍ട്ടില്‍ നിന്നാണ് ഹരിയാന സ്വദേശികളാണെന്ന് മനസിലായത്. തുടര്‍ന്ന് ഹരിയാനയില്‍ നിന്നും ഇവര്‍ പിടിയിലാവുകയായിരുന്നു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് കസ്റ്റഡിയിലുള്ളത്. പിടിയിലായ ഗണേശ് ഝാ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഡോക്ടറാണ്.