ഫ്രൂട്ടി പായ്‌ക്കറ്റല്ല, ബോംബാണ് കൊണ്ടുനടന്നതെന്ന് അറിയാമായിരുന്നു; പാനൂർ സ്‌ഫോടനത്തിൽ വിനീഷിന്റെ എഫ്ബി പോസ്റ്റിൽ വെട്ടിലായത് സിപിഎം തന്നെ

0

പാനൂർ: ഏഴ് മാസങ്ങൾക്കിപ്പുറം പാനൂർ സ്‌ഫോടന കേസ് വീണ്ടും തലപൊക്കുകയാണ്. കേസിലെ ഒന്നാം പ്രതിയും സിപിഎം പ്രവർത്തകനുമായ വിനീഷ് മുളിയതോടിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് വിഷയം വീണ്ടും ചർച്ചയാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിൽ പാർട്ടി നേതൃത്വത്തെ വിമർശിക്കുന്നുണ്ടെങ്കിലും ബോംബ് നിർമാണം പാർട്ടിയുടെ അറിവോടെയാണെന്ന് പല വാചകങ്ങളിലും കൃത്യമായി വായിച്ചെടുക്കാനാകും.

ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യമിട്ടാണ് ബോംബ് നിർമിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വിനീഷ് തുറന്നു പറയുന്നു. കണ്ണൂരിലെ അന്തരീക്ഷം സമാധാനത്തിലേക്ക് മടങ്ങുമ്പോഴും അക്രമങ്ങൾക്ക് സിപിഎം അണിയറ ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്ന ബിജെപിയുടെ ആരോപണം കൂടിയാണ് ഇത് ശരിവക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് സംഭവിച്ച ‘കയ്യബദ്ധത്തിൽ’ പാർട്ടി നേതൃത്വത്തിന് എതിർപ്പുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ തന്നെ ഭിന്നസ്വരമുയർന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് വിനീഷിന്റെ ഫേസ്ബുക്ക് പ്രതികരണം.

നിർമാണത്തിനിടെ കൈയിലിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് പാനൂരിൽ സ്‌ഫോടനം നടന്നത്. പാനൂർ മുളിയാത്തോടിനടുത്ത് നിർമാണത്തിലിരുന്ന വീടിന്റെ ടെറസിന് മുകളിലായിരുന്നു സ്‌ഫോടനം. ഒരാൾ മരിക്കുകയും വിനീഷിന് ഗുരുതരമായ പരിക്കേൽക്കുകയും കൈപ്പത്തി നഷ്ടമാകുകയും ചെയ്തിരുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകരുൾപ്പെടെ 15 പേരായിരുന്നു പ്രതികൾ. രാഷ്‌ട്രീയ സ്വാധീനം കൊണ്ട് കേസ് ഒതുക്കാനാണ് സിപിഎം ശ്രമിച്ചത്. കുറ്റപത്രം കൃത്യസമയത്ത് നൽകാതെ പൊലീസും അതിന് ഒത്താശ ചെയ്തു. 140 ദിവസത്തിലധികം വൈകിയതോടെ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതികൾക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

സംഭവത്തിൽ പാർട്ടിയുടെ പങ്ക് നിഷേധിച്ച സിപിഎം പ്രാദേശിക നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്. നാളത്തേക്കുളള പ്രവർത്തകരെയാണോ രാഷ്‌ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുളള ചാവേറുകളെയാണോ സിപിഎം സൃഷ്ടിക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. ഒന്ന് പാളി പോയാൽ ഉണ്ടാകുന്നതിനെ കുറിച്ചുള്ള നല്ല ബോധ്യത്തിലാണ് ബോംബുണ്ടാക്കിയതെന്നും പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് എല്ലാം ചെയ്തതെന്നും കുറ്റബോധം തീരയില്ലെന്നും വിനീഷ് പറയുന്നു.

ദാഹമകറ്റാനുള്ള ഫ്രൂട്ടി പായ്‌ക്കറ്റല്ല, ബോംബാണ് കൊണ്ടുനടന്നതെന്ന് അറിയാമായിരുന്നു. ഇന്നല്ലെങ്കിൽ നാളെ ഈ അവസ്ഥ വരുമെന്ന ഉറപ്പിലാണ് ബോംബ് നിർമ്മിച്ചത്. പ്രസ്ഥാനം തളളിപറഞ്ഞ ഞങ്ങളെ സംരക്ഷിക്കാൻ ഞങ്ങളാരും ഇതുവരെ ഒരു പാർട്ടിക്കാരെയും സമീപിച്ചിട്ടില്ല. ഓഡിറ്റ് ചെയ്യുമ്പോൾ എല്ലായിടത്തും ഞങ്ങളെ അധിക്ഷേപിക്കരുത്. പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും ശിരസാവഹിക്കുമെന്നും വിനീഷ് പറയുന്നു.

കൊല്ലപ്പെട്ട സിപിഎം പ്രവർത്തകനായ ഷെറിലിന് വീരപരിവേഷം നൽകാനും വിനീഷ് മറന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് കണ്ണൂരിനെ ചോരയിൽ മുക്കാൻ സിപിഎം നടത്തുന്ന ആസൂത്രിത നീക്കത്തിന് തെളിവാണിതെന്ന് ബിജെപി അന്നേ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply