ഇറാനെതിരായ ഇസ്രായേലിന്റെ തിരിച്ചടി;  യുദ്ധത്തിലേക്ക് നയിക്കുമോയെന്ന ആശങ്കയില്‍ ഇറാനും യുഎസും

0

ജറുസലേം: ഇറാന്‍ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരെ ഇസ്രായേല്‍ ആരംഭിച്ച ആക്രമണത്തിന്റെ വ്യാപ്തി എത്രത്തോളം ഉണ്ടെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ഒന്നും പുറത്തുവന്നിട്ടില്ല. എന്നാല്‍ ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങളാണ് ഇറാന്‍ സൈനിക ലക്ഷ്യങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണം നടത്തുന്നതെന്ന് ഒരു ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റര്‍ വ്യക്തമാക്കി.

അതേസമയം ലക്ഷ്യങ്ങളില്‍ ഊര്‍ജ്ജ ഇന്‍ഫ്രാസ്ട്രക്ചറോ, മറ്റ് ആണവ സൗകര്യങ്ങളോ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ബിസി ന്യൂസും എബിസി ന്യൂസും റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിന്റെ പ്രധാന പിന്തുണക്കാരും ആയുധ വിതരണക്കാരുമായ അമേരിക്ക ടെഹ്റാനിലെ ആണവ കേന്ദ്രങ്ങളിലെ ആക്രമണങ്ങളെ ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ എണ്ണപ്പാടങ്ങള്‍ ആക്രമിക്കുന്നതിന് പകരം ഇസ്രായേല്‍ ബദല്‍ മാര്‍ഗങ്ങള്‍ പരിഗണിക്കണമെന്നും പറഞ്ഞിരുന്നു.

അതേസമയം ടെഹ്റാന്റെ പടിഞ്ഞാറും തെക്കുപടിഞ്ഞാറുമുള്ള നിരവധി സൈനിക താവളങ്ങള്‍ ഇസ്രായേല്‍ ലക്ഷ്യമിട്ടതായി അര്‍ദ്ധ ഔദ്യോഗിക ഇറാനിയന്‍ ഫാര്‍സ് വാര്‍ത്താ ഏജന്‍സി അറിയിച്ചു. ടെഹ്റാനും സമീപമുള്ള കരാജിനും ചുറ്റും ശക്തമായ സ്ഫോടനങ്ങള്‍ കേട്ടതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിനിരയായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ താവളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സി അറിയിച്ചു. കൂടാതെ ടെഹ്റാനിലെ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വരുന്ന യാത്രക്കാര്‍ അവരുടെ വിമാനങ്ങളില്‍ നിന്ന് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സ്റ്റേറ്റ് ടിവി കാണിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ വ്യോമാക്രമണത്തിലൂടെ സിറിയയുടെ മധ്യ, തെക്കന്‍ ഭാഗങ്ങളിലുള്ള ചില സൈനിക സൈറ്റുകളും ഇസ്രായേല്‍ ലക്ഷ്യമിട്ടതായി സിറിയന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സിറിയയില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ആക്രമണത്തിനെതിരെ ഇറാന്‍ അധികൃതര്‍ ഇസ്രായേലിന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. ഇറാനെതിരായ ഏത് ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്ന് പറഞ്ഞു.

ടെല്‍ അവീവിലെ സൈനിക കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ നടന്ന ഓപ്പറേഷന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലന്റും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇസ്രായേല്‍ അറിയിച്ചു. ഇറാനിലെ ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് ഇസ്രായേല്‍ അമേരിക്കയെ അറിയിച്ചിരുന്നുവെങ്കിലും ഓപ്പറേഷനില്‍ പങ്കെടുത്തിട്ടില്ലെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് മറുപടിയായാണ് ഇസ്രായേല്‍ ഇറാനിലെ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരെ ടാര്‍ഗെറ്റഡ് സ്ട്രൈക്കുകള്‍ നടത്തുന്നത് എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നതായി വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് സീന്‍ സാവെറ്റ് പറഞ്ഞു.

അതേസമയം ഇറാനും യുഎസും മിഡില്‍ ഈസ്റ്റില്‍ ആകമാനം ബാധിക്കുന്ന ഒരു യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടുമെന്ന ആശങ്ക ഉയര്‍ന്നുവന്നിട്ടുണ്ട്. കഴിഞ്ഞ മാസം മുതല്‍ ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രായേലിന്റെ ശക്തമായ ആക്രമണത്തോടെയാണ് ഇത്തരമൊരു ആശങ്ക ഉടലെടുത്തത്.

Leave a Reply