വ്യവസായ പ്രമുഖൻ രത്തൻ ടാറ്റ (86) അന്തരിച്ചു. മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തിങ്കളാഴ്ച രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒക്ടോബർ 9 ബുധനാഴ്ച രാത്രി 11.30 ഓടെയാണ് അന്ത്യം സംഭവിച്ചത്.
ടാറ്റ സൺസ് മുൻ ചെയർമാനും ഇപ്പോൾ ഇമെരിറ്റസ് ചെയർമാനായുമായി പ്രവർത്തിച്ചുവരികയായിരുന്നു. രാജ്യം പത്മവിഭൂഷനും, പത്മഭൂഷനും നൽകി ആദരിച്ചിരുന്നു.
നവൽ എച്ച്. ടാറ്റയുടെയും സുനിയുടെയും മകനാണ്. യുഎസിൽ ആർക്കിടെക്ടായിരുന്നു അദ്ദേഹം. 1962ൽ ടാറ്റ സ്റ്റീലിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം 1981 ൽ ചെയർമാനായി. പിന്നീട്
1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയർമാനായി. 2016 മുതൽ ഇടക്കാല ചെയർമാനായിരുന്നു. 2012 ഡിസംബർ വരെ കമ്പനിയെ മുന്നിൽ നിന്ന് നയിച്ചു.
ഈ കാലയളവിൽ കമ്പനിയെ വൻ നേട്ടങ്ങളിലേക്ക് നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. 1991ൽ 10,000 കോടി രൂപയായിരുന്ന കമ്പനിയുടെ വിറ്റുവരവ്. 2011-12 ആയപ്പോൾ 100.09 ബില്യൻ ഡോളറായി ഉയർന്നത് അദ്ദേഹത്തിന്റെ വലിയ നേട്ടങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടും.
സ്ഥാനമൊഴിഞ്ഞതിന് ശേഷം പിന്നീട് ചെയർമാൻ സ്ഥാനത്തു വന്ന സൈറസ് മിസ്ത്രിയുമായി രത്തൻ ടാറ്റയ്ക്കുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും അതേച്ചൊല്ലിയുള്ള വാർത്തകളും വലിയ ചർച്ചയായി മാറിയിരുന്നു.
പിന്നീട് മിസ്ത്രിയെ 2016 ഒക്ടോബറിൽ ഈ സ്ഥാനത്ത് നിന്ന പുറത്താക്കുകയായിരുന്നു. ശേഷം ഇടക്കാല ചെയർമാനായി രത്തൻ ടാറ്റ തന്നെ തിരിച്ചെത്തുകയും 2017 ജനുവരിയിൽ കമ്പനിയുടെ നേതൃത്വം എൻ ചന്ദ്രശേഖറിന് കൈമാറുകയും ചെയ്തു.
ടാറ്റാ സൺസിലെ ഏതാണ്ട് 66 ശതമാനം ഓഹരികൾ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ട്രസ്റ്റുകളുടെ കൈവശമാണ്. 2000 ൽ പത്മഭൂഷണും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.