തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാറിനെതിരായ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ഡിജിപി. അൻവറിന്റെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ചതിന്റെ റിപ്പോർട്ടാണ് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. റിപ്പോർട്ടിൽ എന്ത് നടപടിയെടുക്കുമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. പിണറായി വിജയനെ നേരിൽക്കണ്ട് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഡിജിപി വിശദീകരിക്കുമെന്നാണ് വിവരം. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന എന്തെങ്കിലും കണ്ടെത്തലുകൾ റിപ്പോർട്ടിൽ ഉണ്ടെങ്കിൽ എഡിജിപി സ്ഥാനത്ത് നിന്ന് അജിത്കുമാറിനെ പുറത്താക്കുകയല്ലാതെ സർക്കാരിന് മറ്റ് വഴികളില്ല.
കഴിഞ്ഞ മൂന്നാം തീയതി വരെ അൻവർ ഉന്നയിച്ച ആരോപണങ്ങളാണ് റിപ്പോർട്ടിന്റെ അന്വേഷണ പരിധിയിൽ ഡിജിപി ഉൾപ്പെടുത്തിയത് എന്നാണ് സൂചന. ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച വിശദാംശങ്ങൾ റിപ്പോർട്ടിൽ ഇല്ലെന്നാണ് വിവരം. വാർത്താസമ്മേളനങ്ങൾ മുഖേന പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളാണ് ഡിജിപി അന്വേഷിച്ചത്. സ്വർണക്കടത്ത്, അധോലോക ബന്ധം, കൊലപാതകം തുടങ്ങിയ ആരോപണങ്ങൾ അന്വേഷണ പരിധിയിൽ ഉൾപ്പെട്ടതായാണ് സൂചന.
പൊതുജനത്തിന്റെ സുരക്ഷയേയും സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയേയും നേരിട്ട് ബാധിക്കുന്ന ഗൗരവതരമായ ആരോപണമായതിനാലാണ് അൻവറിന്റെ ആരോപണങ്ങളിൽ ആദ്യം അന്വേഷണം നടന്നത്. സ്വർണക്കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധമാണ് സുജിത് ദാസിനും എംആർ അജിത്കുമാറിനും ഉള്ളതെന്നും അധോലോക ഗുണ്ടകളെ പോലെയാണ് പൊലീസുകാർ പ്രവർത്തിക്കുന്നതെന്നുമായിരുന്നു അൻവറിന്റെ ആരോപണം. ഇക്കാര്യത്തിൽ അന്വേഷണം നടത്തിയാണ് ഡിജിപി നിലവിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച രാഷ്‌ട്രീയ വിവാദമായതിനാൽ ഇതിൽ പിന്നീട് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കും.