തിരുവനന്തപുരം: ഫോൺ ചോർത്തൽ, സ്വർണ കള്ളക്കടത്ത് വിഷയങ്ങളിൽ സർക്കാരിൽനിന്നും വിശദമായ റിപ്പോർട്ട് റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് ഗവർണർ ഉന്നയിച്ചത്. ദേശവിരുദ്ധപ്രവർത്തനം നടന്നുവെങ്കിൽ എന്തുകൊണ്ട് തന്നെ അറിയിച്ചില്ലെന്ന് ഗവർണർ ചോദിച്ചു.
ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചത്. തൃശൂർ പൂരം നടത്തിപ്പിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയിട്ടുണ്ടെന്ന് പറഞ്ഞിട്ടും നടപടി സ്വീകരിച്ചില്ല. സർക്കാർ ഈ വിഷയങ്ങളിൽ നിഷ്‌ക്രിയത്വം തുടരുകയാണെന്നും ഗവർണർ ആരോപിച്ചു.
മാദ്ധ്യമങ്ങളുടെ മുന്നിൽവന്നിരുന്നു സംസാരിക്കുക മാത്രമല്ല മുഖ്യമന്ത്രിയുടെ ജോലി. തിരുത്തൽ നടപടികൾ സ്വീകരിച്ച ശേഷമാണ് മാദ്ധ്യമങ്ങളെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഗുരുതര ക്രമസമാധാന പ്രശ്‍നങ്ങളാണ് നിലനിൽക്കുന്നത്. ആരൊക്കെയാണ് ദേശവിരുദ്ധ പ്രവർത്തങ്ങളിൽ ഏർപ്പെടുന്നതെന്ന് മുഖ്യമന്ത്രിക്ക് അറിയാം. എന്നാൽ അദ്ദേഹം അത് പുറത്തുപറയുന്നില്ല, ഗവർണർ പറഞ്ഞു.
ഫോൺ ചോർത്തൽ വിഷയത്തിൽ സർക്കാർ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഇതിനായി കുറച്ചു ദിവസംകൂടി കാത്തുനിൽക്കും. സംസ്ഥാന സർക്കാർ തങ്ങളുട ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.