ബിജെപി, ഡിഎംകെ വിരുദ്ധ രാഷ്ട്രീയം പ്രഖ്യാപിച്ച് വിജയ്

0

ചെന്നൈ: തമിഴ്നാട്ടിൽ ബിജെപി, ഡിഎംകെ വിരുദ്ധ രാഷ്ട്രീയം പ്രഖ്യാപിച്ച് നടൻ വിജയ്. ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളായിരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. തന്റെ പാര്‍ട്ടിയുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി നയം പ്രഖ്യാപിച്ച് താരം. വന്‍ ആവേശം നിറച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രസംഗം. രാഷ്ടീയത്തില്‍ കുട്ടിയാണെങ്കിലും തനിക്ക് ഭയമില്ലെന്ന് വിജയ് പറഞ്ഞു.

മാതാപിതാക്കളുടേയും സുഹൃത്തുക്കളുടേയും അനുഗ്രഹം തേടിയ ശേഷമാണ് വിജയ് തന്റെ പ്രസംഗം ആരംഭിച്ചത്. എന്നെ വിശ്വസിക്കുന്നവര്‍ക്ക് നല്ലത് ചെയ്യണം എന്ന് വിചാരിച്ചാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. ഇറങ്ങിക്കഴിഞ്ഞു, ഇനി പിന്നോട്ടില്ലെന്നും താരം പറഞ്ഞു. തന്റെ പാര്‍ട്ടിയില്‍ എല്ലാവരും സമന്മാരാണ്.രാഷ്ട്രീയത്തില്‍ മാറ്റം വേണമെന്ന് വിജയ് ആവശ്യപ്പെട്ടു.

ഡിഎംകെയ്‌ക്കെതിരെ വിജയ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ദ്രാവിഡ മോഡല്‍ പറഞ്ഞ് ജനത്തെ വഞ്ചിക്കുന്നു. തമിഴ്‌നാടിനെ കൊള്ളയടിക്കുന്ന കുടുംബമാണ് ഡിഎംകെയെന്നും വിമര്‍ശനം. ആരുടേയും പേര് പറഞ്ഞ് വിമര്‍ശിക്കാത്തത് പേടികൊണ്ടല്ലെന്നും ആരെയും മോശക്കാരരാക്കേണ്ട എന്നു കരുതിയാണെന്നും താരം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ അഴിമതിക്കാരെ താഴെയിറക്കി അധികാരത്തിലേറുമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

തന്റെ എതിരാളികളെക്കുറിച്ചും താരം പറഞ്ഞു. അഴിമതിക്കാരും വിഭജന രാഷ്ട്രീയക്കാരുമാണ് എതിരാളി. എതിരാളികള്‍ ഇല്ലാതെ വിജയം ഇല്ല, എതിരാളികളാണ് നമ്മുടെ വിജയം നിശ്ചയിക്കുന്നതെന്നും താരം പറഞ്ഞു. ഞങ്ങള്‍ ആരുടേയും ബി ടീമോ സി ടീമോ അല്ല. ഞങ്ങള്‍ നല്‍കിയിരിക്കുന്ന ഈ നിറം അല്ലാതെ മറ്റു നിറങ്ങളൊന്നും തങ്ങള്‍ക്ക് ചാര്‍ത്തി തരരുതെന്നും താരം പറഞ്ഞു.

Leave a Reply