അലിഗഡ്: പണം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തിയ മുൻ കാമുകനുനേരെ ആസിഡ് ഒഴിച്ച് യുവതി. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. വിവേക് എന്ന യുവാവിൻ്റെ കൈക്ക് പൊള്ളലേറ്റിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവേക് ബ്ലാക്ക് മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് സംസാരിക്കാനായി ഇരുവരും ഒരു റെസ്റ്റോറൻ്റിൽ കണ്ടുമുട്ടി. ഏതാനും മിനിറ്റുകൾക്കുള്ളിൽ യുവതി ബാഗിൽ നിന്ന് ഒരു കുപ്പി പുറത്തെടുത്ത് ആസിഡ് യുവാവിൻ്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
“അയാൾ എന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും പണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. അതിനാലാണ് അയാൾക്കുമേൽ ആസിഡ് ഒഴിച്ചത്”, യുവതി ആരോപിച്ചു. പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ യുവാവ് റെസ്റ്റോറൻ്റിൽ നിന്ന് ഓടി രക്ഷപ്പെട്ടു.
“അവർ വന്നപ്പോൾ ഞങ്ങൾ റെസ്റ്റോറൻ്റ് വൃത്തിയാക്കുകയായിരുന്നു. യുവതി ആദ്യം പുറത്തിരുന്നു. പിന്നീട് അകത്തേക്ക് വന്നു. അഞ്ച് മിനിറ്റിന് ശേഷം ഒരു പുരുഷൻ അവരെ കാണാൻ വന്നു. അവർ ഒരു ദോശയും ചോള ഭാടൂരയും ഓർഡർ ചെയ്തു. അവർ സംസാരിച്ചു. ഞാൻ പ്രഭാതഭക്ഷണം കഴിക്കാൻ പോയി. പിന്നീട് എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല, തുടർന്ന് ആ സ്ത്രീയാണ് താൻ യുവാവിന് മേൽ ആസിഡ് ഒഴിച്ചുവെന്ന് പറഞ്ഞത്”, റെസ്റ്റോറൻ്റ് മാനേജർ പറഞ്ഞു.
യുവാവ് വർഷങ്ങളായി തന്നെ ശല്യപ്പെടുത്തുന്നുണ്ടെന്നും ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്നും അതിനാലാണ് ആസിഡ് ഒഴിച്ചതെന്നും യുവതി തന്നോട് പറഞ്ഞതായും മാനേജർ പറഞ്ഞു. സംഭവത്തിൽ യുവതിക്കും പൊള്ളലേറ്റിട്ടുണ്ടെന്നും അവർക്ക് വൈദ്യസഹായം നൽകുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.