ചെന്നൈ: ബന്ധുവിനെ കണ്ട് റോഡിലേക്ക് ഓടിയ മൂന്ന് വയസുകാരന് ഓട്ടോയിടിച്ച് ദാരുണാന്ത്യം. ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലാണ് സംഭവം. ഗഗൻ സായ് ആണ് മരിച്ചത്. തിരുവലങ്ങാടിന് സമീപം നെടുമ്പരം എന്ന ഗ്രാമത്തിലായിരുന്നു അപകടം.
ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വെള്ളിയാഴ്ചയാണ് ഗഗൻ തിരുപ്പതിയിലെ അമ്മ വീട്ടിൽ നിന്നും തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസം വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടി റോഡിന് എതിർവശത്തുനിന്നും ബന്ധു നടന്നുവരുന്നത് കണ്ടിരുന്നു. ഇതോടെ ബന്ധുവിനടുത്തേക്ക് ഓടിയ കുട്ടിയെ എതിരെ വന്ന ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കുട്ടി ഓടിവരുന്നത് ബന്ധുവിന്റെയോ എതിരെ വന്ന ഓട്ടോ ഡ്രൈവറുടെയോ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞ് സംഭവസ്ഥലത്തു തന്നെ മരിച്ചു.
അമ്മയ്ക്കൊപ്പമായിരുന്നു കുട്ടി റോഡിനരികിലെത്തിയത്. എന്നാൽ അമ്മ ഫോണിൽ സംസാരിക്കുന്നതിനിടെ കുട്ടി റോഡിലേക്ക് ഇറങ്ങി ഓടുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.