ന്യൂഡല്‍ഹി: ഹരിയാനയില്‍ ബിജെപി വിജയം ഉറപ്പിച്ച് മൂന്നാം തവണയും ഭരണത്തിലേക്ക്. ഒളിമ്ബിക്‌സ് മെഡല്‍ നഷ്ടവുമായി ഗുസ്തിവേദി രാഷ്ട്രീയത്തിന്റെ വേദിയിലേക്ക് കയറിയ വിനേഷ് ഫോഗോട്ടിന്റെ വിജയമാണ് ഹരിയാനയില്‍ ഏറ്റവും തിളക്കം നേടിയത്.
എക്‌സിറ്റ് പോളുകളെ വരെ ഞെട്ടിപ്പിച്ചാണ് ഹരിയാനയില്‍ ബിജെപി വിജയക്കൊയ്ത്ത് നടത്തിയത്. തുടക്കത്തില്‍ ലീഡ് നില കേവലഭൂരിപക്ഷത്തില്‍ എത്തി നിന്ന കോണ്‍ഗ്രസിന്റെ ഫലങ്ങള്‍ രാവിലെ പത്തുമണിക്ക് ശേഷം മാറി മറിയുകയായിരുന്നു. ബിജെപി 49 സീറ്റുകളിലാണ് മുന്നേറിയത്.
കോണ്‍ഗ്രസിന്റെ നേട്ടം 35 ല്‍ ഒതുങ്ങി. മറ്റുള്ളവര്‍ ആറു സീറ്റുകളിലും മുന്നേറി. എക്‌സിറ്റ് പോളുകള്‍ വരെ അപ്രസക്തമാക്കിയായിരുന്നു ബിജെപിയുടെ മുന്നേറ്റം.
ഹരിയാനയില്‍ കോണ്‍ഗ്രസിനും ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സിനുമായിരുന്നു എക്‌സിറ്റ്‌പോളുകള്‍ സാധ്യത കല്‍പ്പിച്ചിരുന്നത്.
എന്നാല്‍ ഹരിയാനയിലെ ഫലം മറിച്ചായിരുന്നെന്ന് നേരത്തേ തന്നെ ബിജെപി നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം ആംആദ്മി പാര്‍ട്ടിക്ക് ഹരിയാനയില്‍ ചലനം പോലും ഉണ്ടാക്കാനായില്ല എന്നത് ഞെട്ടിക്കുന്ന ഘടകമാണ്.