രാഷ്ട്രീയ ഗോദയിൽ സുവർണ നേട്ടവുമായി വിനേഷ് ഫോഗട്ട്. ഒളിമ്പിക്സിൽ അയോഗ്യയായെങ്കിലും തിരഞ്ഞെടുപ്പിൽ സമ്പൂർണ യോഗ്യയായാണ് വിനേഷ് ഹരിയാന നിയമസഭയിലേക്ക് ഇനി നടന്ന് കയറുക. ബിജെപിയുടെ യോഗേഷ് കുമാറിനെയാണ് ജുലാനയിൽ വിനേഷ് മലർത്തിയടിച്ചത്.
ഹരിയാന ബിജെപിയിലേക്ക് ചായുമ്പോഴും ജുലാന മണ്ഡലം വിനേഷിനൊപ്പം ഉറച്ച് നിന്നു. റെയിൽവേയിലെ ജോലി രാജിവച്ചാണ് വിനേഷ് രാഷ്ട്രീയ നേതാവിന്റെ കുപ്പായമിട്ടത്. ആ തീരുമാനം തെറ്റായില്ല. വിനേഷിന്റെ കൈ ജനം ചേർത്തുപിടിച്ചു. കർഷക പിന്തുണയും പാരിസ് ഒളിംപിക്സിൽ ഉണ്ടായ തിരിച്ചടിയും വിനേഷിന് തിരഞ്ഞെടുപ്പിൽ അനുകൂല ഘടകമായി.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നില മാറിമറിഞ്ഞ മത്സരമായിരുന്നു ജുലാനയിലേത്. എന്നാല്‍ വോട്ടെണ്ണലിന്റെ അവസാനഘട്ടത്തില്‍ മുന്നോട്ട് കുതിച്ച വിനേഷ് അവസാന രണ്ട് റൗണ്ട് വോട്ടുകള്‍ എണ്ണാന്‍ ശേഷിക്കെ തന്നെ വിജയം ഉറപ്പിക്കുകയായിരുന്നു. ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങളിൽ നേതൃനിരയിൽ നിന്ന് പോരാടിയ വിനേഷ് കേന്ദ്ര സർക്കാരിൽ നിന്ന് കടുത്ത സമ്മർദ്ദം നേരിട്ടിരുന്നു.