വാഷിംഗ്ടണ്‍: നാസയുടെ ‘പേഴ്‌സിവറന്‍സ്’ റോവറിന്റെ പുതിയ കണ്ടെത്തല്‍ ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചിരിക്കുകയാണ്. ചൊവ്വയുടെ ദക്ഷിണ ഭാഗത്ത് കണ്ടെത്തിയ സര്‍പ്പന്റൈന്‍ റാപിഡ്സ് ഏരിയയിലെ പച്ചപ്പുള്ളികളാണ് ശാസ്ത്രജ്ഞരെ കുഴക്കുന്നത്. ഇവിടെയുള്ള വാലസ് ബട്ട് എന്ന പാറപ്പുറത്താണ് ഇവ ദൃശ്യമായിരിക്കുന്നത്.
റെഡ് റോക്കുകളില്‍ റോവറിലെ ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പാറയില്‍ വെള്ള, കറുപ്പ്, പച്ച നിറത്തിലുള്ള പുള്ളികള്‍ കണ്ടെത്തി. എങ്കിലും പച്ചനിറം കൂടുതല്‍ ആകര്‍ഷകമായിരുന്നു. ഇളം പച്ചവരകളാല്‍ ചുറ്റപ്പെട്ട ഇരുണ്ട പുള്ളികളും ഇവയില്‍ ദൃശ്യമാണ്. ഭൂമിയില്‍ കണ്ടുവന്നിരുന്ന പുരാതനമായ ചുവന്ന പാറകളില്‍ ഇത്തരത്തിലുള്ള പച്ചപ്പുള്ളികള്‍ കണ്ടെത്തിയിരുന്നു. ഇതാണ് പുതിയ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നത്. രാസപ്രവര്‍ത്തങ്ങളുടെ ഫലമായാണ് ഈ പുള്ളികള്‍ രൂപപ്പെടുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഇരുമ്പിന്റെ അംശം അടങ്ങിയ ജലം പാറകളുടെ പാളികള്‍ക്കിടയിലൂടെ കടന്നുപോകുന്നതിന്റെ ഫലമായി ഇവിടെയുള്ള ഇരുമ്പ് പച്ചനിറത്തിലുള്ള അവസ്ഥയിലേക്ക് രൂപാന്തരപ്പെടുന്നു. ഭൂമിയിലെ പച്ച പാടുകള്‍ക്ക് ജൈവികമോ രാസപരമോ ആയ പ്രക്രിയകളിലേക്ക് വിരല്‍ ചൂണ്ടാന്‍ കഴിയുമെങ്കിലും ചൊവ്വയിലെ അവയുടെ ഉത്ഭവം അജ്ഞാതമായി തുടരുകയാണ്.