മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഔദ്യോഗിക വസതി ഒഴിഞ്ഞു

0

ഡൽഹി: മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രിയ്ക്കുള്ള ഔദ്യോഗിക വസതി ഒഴിഞ്ഞു.

ഡൽഹി മുഖ്യമന്ത്രിയായ ശേഷം 2015 മുതൽ അരവിന്ദ് കെജ്‌രിവാൾ താമസിച്ചിരുന്നത് 6 ഫ്ലാഗ്സ്റ്റാഫ് റോഡിലെ ഈ വസതിയിലായിരുന്നു. പഞ്ചാബിൽ നിന്നുള്ള എഎപി രാജ്യസഭാംഗം അശോക് മിത്തലിന് അനുവദിച്ച സർക്കാർ വസതിയിലാണ് കെജ്‌രിവാളും കുടുംബവും ഇനി താമസിക്കുക. എഎപി ആസ്ഥാനത്തിന് അടുത്തായാണ് കെജ്‌രിവാളിന്റെ പുതിയ വസതി.

2013ൽ ഡൽഹി മുഖ്യമന്ത്രിയായ ശേഷം തിലക് ലെയ്‌നിലാണ് കെജ്‌രിവാൾ താമസിച്ചിരുന്നത്. പിന്നീട് 2015ൽ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്നാണ് സിവിൽ ലൈൻസ് ഏരിയയിലെ 6 ഫ്ലാഗ് സ്റ്റാഫ് റോഡിലുള്ള ഔദ്യോഗിക വസതിയിലേക്ക് മാറിയത്.

മദ്യനയക്കേസില്‍ ജാമ്യം നേടി തിഹാര്‍ ജയിലില്‍ നിന്നിറങ്ങിയതിന് പിന്നാലെ കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അഗ്നിശുദ്ധി വരുത്തിയതിന് ശേഷമേ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയുള്ളു എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. പിന്നാലെയാണ് അദ്ദേഹം ഔദ്യോഗിക വസതി ഒഴിയുമെന്നും പ്രഖ്യാപിച്ചത്.

സുരക്ഷാ കാരണങ്ങൾ മുൻനിർത്തി വസതി ഒഴിയരുതെന്ന് പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും കെജ്‌രിവാൾ അതിനു തയ്യാറായില്ലെന്നാണ് റിപ്പോർട്ട്.  കെജ്‌രിവാളിന് സർക്കാർ വസതി നൽകണമെന്ന ആവശ്യവുമായി എഎപി രാജ്യസഭാ എംപി രാഘവ് ചദ്ദയും രംഗത്തെത്തിയിരുന്നു.

Leave a Reply