തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ അൻവറിന് വക്കീൽ നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി. ആരോപൺങ്ങൾ പിൻവലിച്ച് അൻവർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. പി. ശശിക്കെതിരായ സർവ പ്രസ്താവനകളും പിൻവലിക്കണമെന്നും പരസ്യമായി മാപ്പ് പറയണമെന്നും നോട്ടീൽ ആവശ്യപ്പെടുന്നു.
അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമായ ആരോപണം ഉന്നയിക്കുകയും അത് മാദ്ധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്യുന്നതുവഴി പി. ശശിക്ക് മാനഹാനി ഉണ്ടായി.
സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അയച്ച പരാതി ഫെയ്സ്ബുക്കിലൂടെ പരസ്യപ്പെടുത്തിയതിലൂടെ ശശിയെ തേജോവധം ചെയ്തെന്നും നോട്ടീസിൽ പറയുന്നു.
നോട്ടീസ് കിട്ടിയ ഉടനെ പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും പത്ര, ദൃശ്യ, ഓൺലൈൻ മാദ്ധ്യമങ്ങളിൽ നടത്തിയ എല്ലാ പ്രസ്താവനകളും പിൻവലിക്കണമെന്നും പി ശശി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം നിയമനടപടികളിലേക്ക് കടക്കുമെന്നാണ് നോട്ടീസ്.
പി.ശശിക്കെതിരെ അതിഗുരുതരമായ ആരോപണങ്ങളായിരുന്നു അൻവർ എംഎൽഎ ഉയർത്തിയിരുന്നത്. ശശിക്കെതിരെ സംസ്ഥാന സെക്രട്ടി എംവി ഗോവിന്ദന് നൽകിയ 5 പേജുള്ള പരാതി അൻവർ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനും പദവിക്കും കളങ്കം വരുത്തുന്ന തരത്തിലാണ് ശശിയുടെ പെരുമാറ്റം, മുഖ്യമന്ത്രിയുടെ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സ്ത്രീകളുടെ നമ്പർ കൈക്കലാക്കി അവരോട് ശൃംഗാരിക്കുന്നത് ശശിയുടെ പതിവാണ്, അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നാൽ പാർട്ടിക്കും മുഖ്യമന്ത്രിക്കും നാണക്കേടും മാനക്കേടും വൈകാതെ നേരിടേണ്ടി വരും, തുടങ്ങിയ കാര്യങ്ങളായിരുന്നു അൻവർ ചൂണ്ടിക്കാട്ടിയത്.