ന്യൂഡൽഹി: രാജ്യത്തെ അഞ്ച് ഭാഷകൾക്ക് കൂടി ശ്രേഷ്ഠഭാഷ പദവി നൽകി കേന്ദ്രസർക്കാർ. മറാത്തി, ബംഗാളി, പാലി, പ്രാകൃത്, അസമീസ് എന്നീ ഭാഷകൾക്കാണ് പദവി ലഭിച്ചത്. ഇതോടെ ശ്രേഷ്ഠഭാഷ പദവിയുള്ള ഇന്ത്യൻ മൊഴികളുടെ എണ്ണം ആറിൽ നിന്ന് 11 ആയി. കഴിഞ്ഞ മന്ത്രിസഭായോഗത്തിലായിരുന്നു ഇതുസംബന്ധിച്ച തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടത്.
തമിഴ്, സംസ്കൃതം, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ എന്നീ ഭാഷകൾ നേരത്തെ പട്ടികയിലുണ്ടായിരുന്നു. 2004ലാണ് തമിഴിന് പദവി ലഭിച്ചത്. പട്ടികയിൽ ഒടുവിലായി ഇടംപിടിച്ചത് (2014) ഒഡിയ ആയിരുന്നു. ഭാഷാ വിദഗ്ധ സമിതി (Linguistic Experts Committee) നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ശ്രേഷ്ഠഭാഷ പദവിക്ക് അർഹമാണോയെന്ന് തീരുമാനിക്കുക.
ആയിരം വർഷത്തിലേറെ പഴക്കമുള്ള, പ്രാചീന സാഹിത്യങ്ങളിൽ കാണപ്പെടുന്ന ഭാഷകൾക്കാണ് പദവി ലഭിക്കുക. നിർദിഷ്ട ഭാഷയെക്കുറിച്ച് വിജ്ഞാന ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിരിക്കണമെന്ന നിബന്ധനയുമുണ്ട്.