ചേലക്കര അന്തിമഹാകാളൻകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട്; സുരേഷ് ഗോപി ഇടപെടുന്നു; നിവേദനം നൽകാൻ നിർദ്ദേശിച്ച് മന്ത്രി;ക്ഷേത്രത്തിൽ സന്ദർശനം നടത്തി

0

ചേലക്കര: ചേലക്കര അന്തിമഹാകാളൻകാവ് ക്ഷേത്രത്തിലെ പ്രസിദ്ധമായ വേലയുമായി ബന്ധപ്പെട്ട് നടത്തുന്ന വെടിക്കെട്ട് രണ്ട് വർഷമായി മുടങ്ങിയ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെടുന്നു. ചേലക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി കെ ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കെത്തിയ അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തി.

വെടിക്കെട്ട് നടത്താൻ ഇടപെടണമെന്ന് ക്ഷേത്ര ഭാരവാഹികൾ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടു. എന്നാൽ കെഎസ്‌ഐഡിസിയുടെയോ തണ്ണീർത്തട നിയമത്തിലോ ഇടപെടാനാകില്ല. കേരള സർക്കാരിന്റെ പരിധിയിലുളള വിഷയമാണിത്. അവരാണ് അത് പരിഹരിക്കേണ്ടത്. കേരള സർക്കാർ ആരാകണമെന്ന് കേരളത്തിലെ ജനങ്ങൾ നിശ്ചയിക്കണം. അപ്പോൾ കാര്യങ്ങൾ ശരിയാകുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

നെൻമാറയിലെയും അന്തിമഹാകാളൻകാവിലെയുമൊക്കെ വെടിക്കെട്ടുകൾ ഒറ്റ ദിവസം മാത്രമാണെന്നും ഒരു ദിവസത്തെ പരിപാടിക്ക് സ്ഥിരം സംവിധാനമൊരുക്കണമെന്നതിലെ അനൗചിത്യവും ഭാരവാഹികൾ ഉന്നയിച്ചു. തുടർന്ന് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം നൽകാൻ കേന്ദ്രമന്ത്രി നിർദ്ദേശിക്കുകയായിരുന്നു.

ചേലക്കരയിലെ വെങ്ങാനെല്ലൂരിലെ പ്രസിദ്ധമായ ശിവക്ഷേത്രമാണ് അന്തിമഹാകാളൻകാവ്. പ്രധാന പ്രതിഷ്ഠ ഭഗവതിയുടേതാണെങ്കിലും ശിവന്റെ കിരാതരൂപമായ അന്തിമഹാകാളന്റെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. അന്തിമഹാകാളൻകാവ് വേലയും ഏറെ പ്രചാരമുളളതാണ്. രണ്ട് വർഷമായി മുടങ്ങിയ വെടിക്കെട്ട് നടത്താൻ ഇളവുകൾ വേണമെന്ന ആവശ്യം നേരത്തെ മുതൽ ക്ഷേത്ര ഭാരവാഹികളും ഭക്തരും ഉന്നയിക്കുന്നുണ്ട്.

ചേലക്കര എംഎൽഎയും മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണനെതിരെ വലിയ വിമർശനമുയർന്ന സംഭവം കൂടിയാണിത്. ഭക്തർക്കൊപ്പം നിൽക്കാനോ അവരുടെ വികാരം ഉൾക്കൊള്ളാനോ കെ രാധാകൃഷ്ണൻ ശ്രമിച്ചില്ലെന്ന വിമർശനവും ശക്തമാണ്. കെ രാധാകൃഷ്ണൻ ഫോൺ പോലും എടുത്തില്ലെന്ന് ആരോപണവും ഉയർന്നിരുന്നു. അതേസമയം വികസനവും ക്ഷേമവും ചർച്ചയാകാതിരിക്കാൻ ഉന്നയിക്കുന്ന ബാലിശമായ കാര്യമെന്നാണ് കെ രാധാകൃഷ്ണൻ നൽകിയ പ്രതികരണം.

Leave a Reply