അസാധാരണ മനുഷ്യൻ, ലക്ഷ്യബോധമുളള ബിസിനസ് ലീഡർ; രത്തൻ ടാറ്റയ്‌ക്ക് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

0

ന്യൂഡൽഹി: രത്തൻ ടാറ്റയ്‌ക്ക് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിലൂടെയാണ് പ്രധാനമന്ത്രി രത്തൻ ടാറ്റയുമൊത്തുളള അനുഭവങ്ങളും ഓർമ്മക്കുറിപ്പുകളും പങ്കുവെച്ചത്. ഇന്ത്യയിലെ ഏറ്റവും ആദരിക്കപ്പെടുന്ന പഴക്കം ചെന്ന ഒരു ബിസിനസ് സ്ഥാപനത്തിന് സുസ്ഥിരമായ നേതൃത്വം നൽകിയ വ്യക്തിയാണ് രത്തൻ ടാറ്റയെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

ബിസിനസുകാരൻ എന്ന നിലയിൽ സ്ഥാപനങ്ങളുടെ ബോർഡ് റൂമിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവർത്തനമെന്ന് പ്രധാനമന്ത്രി ഓർമ്മിച്ചു. ധാരാളം ആളുകളിലേക്ക് അദ്ദേഹം ഇറങ്ങിച്ചെന്നു അവരുടെയൊക്കെ സ്‌നേഹം നേടി. അദ്ദേഹത്തിന്റെ മനുഷ്യത്വത്തിനും ദയാവായ്പിനും നമ്മുടെ സമൂഹത്തെ മെച്ചപ്പെടുത്തിയെടുക്കാനുളള പ്രതിബദ്ധതയ്‌ക്കും നന്ദി പറയുന്നതായി പ്രധാനമന്ത്രി കുറിച്ചു.

രത്തൻ ടാറ്റയുടെ സവിശേഷമായ വശങ്ങളിലൊന്ന് ഏറ്റവും വലിയ സ്വപ്‌നം കാണാനും അത് തിരിച്ചുനൽകാനുമുളള അദ്ദേഹത്തിന്റെ അഭിനിവേശമായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ശുചീകരണം, മൃഗസംരക്ഷണം തുടങ്ങി പല മേഖലകളിലും അദ്ദേഹം മുൻപിലായിരുന്നു. അദ്ദേഹവുമായി നടത്തിയ എണ്ണമറ്റ ആശയവിനിമയങ്ങളാണ് തന്റെ മനസിൽ നിറയുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ വെച്ച് രത്തൻ ടാറ്റയെ മിക്കപ്പോഴും കാണുമായിരുന്നു. വൈവിധ്യമാർന്ന വിഷയങ്ങളിൽ ഞങ്ങൾ അഭിപ്രായങ്ങൾ പങ്കുവെയ്‌ക്കും. പിന്നീട് ഡൽഹിയിൽ വന്നതിന് ശേഷവും ഈ ആശയവിനിമയം പലപ്പോഴും തുടർന്നിരുന്നതായി പ്രധാനമന്ത്രി കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അങ്ങേയറ്റം വേദനിക്കുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു. രത്തൻ ടാറ്റയുമൊത്തുളള ചിത്രങ്ങൾ സഹിതം മൂന്ന് ട്വീറ്റുകളിലായിട്ടായിരുന്നു പ്രധാനമന്ത്രി ഓർമ്മകൾ പങ്കുവച്ചത്.

Leave a Reply