തൃശ്ശൂർ: മാളയിൽ എക്സൈസ് ഓഫീസിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. കുന്നത്തുനാട് സ്വദേശികളായ പ്രവീൺ, അക്ഷയ് എന്നിവരെയാണ് മാള പോലീസ് കസ്റ്റഡിയിലെടുത്തത്. മർദനമേറ്റ മൂന്ന് ഉദ്യോഗസ്ഥരും ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. എക്സൈസ് ഇൻസ്പെക്ടർ മാള പോലീസിൽ പരാതിയും മൊഴിയും നൽകിയിട്ടുണ്ട്.
മദ്യപിച്ചെത്തിയ പ്രതികൾ ഞായറാഴ്ച മൂന്നരയോടെ ഇൻസ്പെക്ടറുടെ മുറിയിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. ഈ സമയത്ത് ഓഫീസിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്നത് സിവിൽ എക്സൈസ് ഓഫീസർ എം.എസ്. സന്തോഷ്‌കു മാർ മാത്രമായിരുന്നു. അസഭ്യം പറഞ്ഞ് ബഹളമുണ്ടാക്കി വാതിലിലും ബോർഡിലും അടിച്ച ഇരുവരെയും തടയാൻ ശ്രമിച്ചപ്പോഴാണ് സന്തോഷ് കുമാറിന് മർദനമേറ്റത്.
തുടർന്ന് ഇരുവരെയും തള്ളിപ്പുറത്താക്കിയപ്പോൾ റോഡിൽനിന്ന് അസഭ്യം പറയുന്നതുകണ്ടാണ് എക്സൈസ് സംഘം എത്തുന്നത്. ഇരുവരെയും പിടികൂടാൻ ശ്രമിച്ചപ്പോഴാണ് ഇവർ വീണ്ടും ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.