അഹമ്മദാബാദ്: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പലുകളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചയാൾ അറസ്റ്റിൽ. ഗുജറാത്തിലെ പോർബന്തർ സ്വദേശി പങ്കജ് കോട്ടിയയാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
‘റിയ’ എന്ന പേരിലാണ് പാകിസ്താൻ ഏജൻ്റ് വിവരങ്ങൾ ശേഖരിച്ചത്. പോർബന്തർ ജെട്ടിയിലെ തൊഴിലാളിയാണ് ഇയാളെന്ന് എടിഎസ് അറിയിച്ചു. എട്ട് മാസം മുൻപാണ് ഫേസ്ബുക്കിൽ ‘റിയ’യുമായി ബന്ധപ്പെടുകയും തുടർച്ചയായ ആശയവിനിമയം നടത്തുകയും ചെയ്തത്. ഇന്ത്യൻ നേവിയിലാണ് ജോലി ചെയ്യുന്നതെന്ന് പറഞ്ഞാണ് കോട്ടിയയിൽ നിന്നും ‘റിയ’ വിവരങ്ങൾ ശേഖരിച്ചത്. ഇയാൾ വിവരങ്ങൾ പങ്കുവച്ച വാട്സ്ആപ്പ് നമ്പർ പാകിസ്താൻ കേന്ദ്രീകരിച്ചുള്ളതാണെന്ന് കണ്ടെത്തി.
യുപിഐ വഴി റിയ 26,000 രൂപ കോട്ടിയയ്‌ക്ക് നൽകി. ഇതിന്റെ തെളിവുകളും എടിഎസിന് ലഭിച്ചു. ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായടി ഗുജറാത്ത് എടിഎസ് അറിയിച്ചു.