ദന ചുഴലിക്കാറ്റ്: ബംഗാളില്‍ കനത്ത നാശം, മരങ്ങളും വൈദ്യുത പോസ്റ്റുകളും വീണു, മരണം നാലായി

0

കൊല്‍ക്കത്ത: ദന ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ നാലായി. പുര്‍ബ ബര്‍ധമാന്‍ ജില്ലയിലെ ബഡ് ബഡില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ സ്പര്‍ശിച്ചതിനെ തുടര്‍ന്ന് ചന്ദന്‍ ദാസ് (31) എന്ന സിവില്‍ വോളന്റിയര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊലീസ് സംഘത്തോടൊപ്പം പുറത്തുപോകുമ്പോഴായിരുന്നു സംഭവം.

മറ്റൊരപകടത്തില്‍ ഹൗറ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ജീവനക്കാരനെ തന്തിപ്പാറയിലെ വെള്ളക്കെട്ടുള്ള റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

സംസ്ഥാനത്ത് വെള്ളിയാഴ്ച രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈദ്യുതാഘാതമേറ്റ് രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ പഥര്‍പ്രതിമയിലും തെക്കന്‍ കൊല്‍ക്കത്തയിലെ ഭബാനിപൂര്‍ മേഖലയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കിഴക്കന്‍ തീരത്ത് വീശിയ ദന ചുഴലിക്കാറ്റ് കനത്ത മഴക്കും അതിവേഗ കാറ്റിനും കാരണമായി. മരങ്ങളും വൈദ്യുത പോസ്റ്റുകളും നിലംപതിച്ചു. ഒഡീഷയിലും പശ്ചിമ ബംഗാളിലും ചുഴലിക്കാറ്റിനെ തുടര്‍ന്ന് പല ഇടങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുറമെ കാര്‍ഷിക വിളകള്‍ക്ക് കനത്ത നാശം വരുത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ 12.05ഓടെ ഭിതാര്‍കനികയ്ക്കും ഒഡിഷയിലെ ഭദ്രക് ജില്ലയിലെ ധമ്രയ്ക്കും ഇടയില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ അടിച്ച കാറ്റ് ഇന്ന് രാവിലെ 8.30ഓടെയാണ് അവസാനിച്ചത്.

Leave a Reply