നിയമപരമായ കാര്യങ്ങള്‍ മുന്നോട്ട് പോകട്ടെ; ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടിയില്ല

0

തൃശൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസ് എടത്ത കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരെ ഉടന്‍ സംഘടനാ നടപടി വേണ്ടെന്ന് സിപിഎം. ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വരാനിരിക്കുന്നതേയുള്ളു. നിയമനടപടികളുമായി മുന്നോട്ടു പോകട്ടെ. വിധി വന്ന ശേഷം ഈ വിഷയം വീണ്ടും ചര്‍ച്ച ചെയ്യാമെന്ന് ഇന്നു തൃശൂരില്‍ ചേര്‍ന്ന അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

വിവാദം ഉയര്‍ന്ന ഉടനെ തന്നെ ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കി നടപടിയെടുത്തിരുന്നെന്നും കൂടുതല്‍ നടപടി വേണമോയെന്നത് കോടതി നടപടികള്‍ എന്താണ് എന്നറിഞ്ഞതിനു ശേഷം മതിയെന്നുമായിരുന്നു യോഗത്തിന്റെ പൊതുവികാരം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ സംബന്ധിച്ചു. അതേസമയം ചില മുതിര്‍ന്ന നേതാക്കള്‍ ദിവ്യക്കെതിരെ കര്‍ശനനടപടി വേണമെന്നും ആവശ്യപ്പെട്ടെങ്കിലും ഭൂരിഭാഗം പേരും തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്.

പിപി ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മും സര്‍ക്കാരും സ്വീകരിക്കുന്നതെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്. കേസെടുത്തിട്ട് 12 ദിവസമായിട്ടും ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്യാനോ, ചോദ്യം ചെയ്യാനോ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതു വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. അതേസമയം ദിവ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 29ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിപറയും

Leave a Reply