ന്യൂഡല്‍ഹി: ഹരിയാനയില്‍ കോണ്‍ഗ്രസിന് വന്‍ വിജയം പ്രവചിച്ച് എക്‌സിറ്റ് പോള്‍ സര്‍വേകള്‍. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രവചിക്കുന്നത്. ജാട്ട്, സിഖ് മേഖലകളിലടക്കം കോണ്‍ഗ്രസ് ആധിപത്യമുണ്ടാവുമെന്നാണ് സൂചന.
ന്യൂസ് 18, പീപ്പിള്‍സ് പള്‍സ്, ദൈനിക് ഭാസ്‌കര്‍, റിപ്പബ്ലിക്- മാട്രൈസ്, ധ്രുവ് റിസര്‍ച്ച് സര്‍വേകള്‍ അടക്കം കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് പ്രവചിക്കുന്നു. 55 മുതല്‍ 62 വരെ സീറ്റുകള്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. ബിജെപിക്ക് 18 മുതല്‍ 24 സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ എഎപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്.
കശ്മീരില്‍ കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് 30നും 45നും ഇടയില്‍ സീറ്റുകള്‍ ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുന്നു.ഇന്ത്യ ടുഡേ സീ വോട്ടര്‍ സര്‍വേയില്‍ ജമ്മുവില്‍ ബിജെപിക്ക് മുന്‍തൂക്കമെന്നാണ് സര്‍വേ ഫലം. 27 മുതല്‍ 31 സീറ്റ് വരെ ബിജെപി നേടുമെന്നാണ് പ്രവചനം പുറത്തുവന്നിരിക്കുന്നത്. ഇന്‍ഡ്യ സഖ്യം 11 മുതല്‍ 15 സീറ്റുകള്‍ വരെ നേടുമെന്നും പ്രവചനമുണ്ട്. അതേ സമയം ജമ്മു കശ്മീരില്‍ തൂക്കുസഭയ്ക്ക് സാധ്യതയെന്നാണ് റിപ്പബ്ലിക് സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ദൈനിക് ഭാസ്‌കര്‍ എക്‌സിറ്റ് പോള്‍ ഫലത്തില്‍ ബിജെപി 20 മുതല്‍ 25 വരെ സീറ്റുകള്‍ നേടുമെന്നും എന്‍സി- കോണ്‍ഗ്രസ് സഖ്യം 35 മുതല്‍ 40 വരെ സീറ്റുകളും നേടും. പിഡിപി 4 മുതല്‍ 7 വരെ സീറ്റുകള്‍, മറ്റുള്ളവ 12 മുതല്‍ 16 എന്നിങ്ങനെയാണ് സീറ്റുകളുടെ പ്രവചന ഫലങ്ങള്‍.
പീപ്പിള്‍സ് പള്‍സ് എക്‌സിറ്റ് പോളില്‍ ജമ്മു കശ്മീരില്‍ എന്‍സി – കോണ്‍ഗ്രസ് 46-57, ബിജെപി 23-27 സീറ്റുകള്‍, പിഡിപി 7-11 സീറ്റുകള്‍, മറ്റുള്ളവര്‍ 4-6 എന്നിങ്ങനെയാണ് ഫലങ്ങള്‍. ഇലക്ടൊറല്‍ എഡ്ജ് എക്‌സിറ്റ് പോള്‍ ഫലത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് – 33, ബിജെപി- 27, കോണ്‍ഗ്രസ് -12, പിഡിപി- 8, മറ്റുളളവര്‍- 10 എന്നിങ്ങനെയും പ്രവചിക്കുന്നു.