തിരുവനന്തപുരം: കോഴ ആരോപണക്കേസിനെ സത്യസന്ധമായി നേരിട്ടയാളാണ് കെ. സുരേന്ദ്രനെന്നും സിപിഎം നേതാക്കളെ പോലെ നെഞ്ചുവേദന അഭിനയിച്ച് ഒളിച്ചോടിയിട്ടില്ലെന്നും ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യർ. മഞ്ചേശ്വരം കോഴ ആരോപണക്കേസിൽ കെ. സുരേന്ദ്രൻ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തയതിന്റെ പശ്ചാത്തലത്തിൽ നടത്തിയ ജനംടിവി ചർച്ചയിലായിരുന്നു സന്ദീപ് വാര്യറുടെ പരാമർശം. ചർച്ചയിൽ പങ്കെടുത്ത ഇടതു സഹയാത്രികനും കോൺഗ്രസ് പ്രതിനിധിയും ഉന്നയിച്ച ആരോപണങ്ങളെ അദ്ദേഹം ശക്തമായി എതിർത്തു.
സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ വേട്ടായാടാനും ബിജെപിയെ വേട്ടയാടാനും സ്ഥിരമായി ഉപയോഗിച്ചിരുന്ന ഒന്നാണ് മഞ്ചേശ്വരം കോഴക്കേസ്. ഇന്നത് പരാജയപ്പെട്ടപ്പോൾ പ്രോസിക്യൂഷൻ മോശമായിരുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. അങ്ങനെയെങ്കിൽ, മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ മത്സരിച്ച് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വ്യക്തിയായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി രമേശൻ. പ്രോസിക്യൂഷൻ വീക്ക് ആണെന്ന് യുഡിഎഫിന് അഭിപ്രായമുണ്ടെങ്കിൽ എന്തുകൊണ്ടാണ് അവിടെ ജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി കേസിൽ കക്ഷി ചേരാതിരുന്നത്. കേസിൽ യുഡിഎഫിന് കക്ഷി ചേരാമായിരുന്നു, പരാതി കൊടുക്കാമായിരുന്നു. അവിടെ ജനാധിപത്യപരമല്ലാത്ത രീതിയിൽ എന്തെങ്കിലും സംഭവിച്ചുവെന്ന ആക്ഷേപം യുഡിഎഫിന് നേരത്തെ ഉണ്ടായിരുന്നില്ല. പരാതി എൽഡിഎഫിനായിരുന്നു. എന്നാലിപ്പോൾ കേസൊക്കെ കഴിഞ്ഞ സമയത്ത്, ചാനൽ മുറിയിൽ വന്നിരുന്ന് ചർച്ചയ്‌ക്കിടെ പറയുകയാണ്, പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചുവെന്ന്. അതിൽ എന്ത് അർത്ഥമാണുള്ളത്. എന്തുകൊണ്ട് യുഡിഎഫ് കക്ഷി ചേർന്നില്ല?
കാസർകോടും മഞ്ചേശ്വരത്തും ബിജെപി വിജയിക്കുന്നത് തടയുന്നതിന് വേണ്ടി കാലങ്ങളായി എൽഡിഎഫും യുഡിഎഫുമാണ് ജനാധിപത്യ വിരുദ്ധമായി ഒത്തുചേർന്ന് പ്രവർത്തിക്കുന്നത്. അവിടുത്തെ സിപിഎം ജില്ലാ സെക്രട്ടറി തന്നെ ഇക്കാര്യം നേരത്തെ സമ്മതിച്ചിട്ടുള്ളതാണ്. ബിജെപി ജയിക്കാതിരിക്കാൻ കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ വോട്ട് കൈമാറ്റം ചെയ്യാറുണ്ട്. ബിജെപി ജയിക്കാതിരിക്കാൻ മാരാർജിയുടെ കാലം മുതൽ എൽഡിഎഫും യുഡിഎഫും വോട്ട് ട്രാൻസ്ഫർ ചെയ്യുന്നുണ്ട്. ഇരുകൂട്ടരും പരസ്പരം വോട്ട് കൊടുക്കുന്നത് അവിടെ സ്ഥിരം സംഭവമായി മാറിക്കഴിഞ്ഞു.
കേരളത്തിന് പുറത്ത് പരസ്യമായി ഒന്നിക്കുകയും കേരളത്തിൽ രഹസ്യമായി ഒന്നിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എൽഡിഎഫും യുഡിഎഫും. ഇപ്പോൾ ബിജെപി കേസ് ജയിച്ചത് ഇടത് സർക്കാരിന്റെ സഹായം കിട്ടിയതുകൊണ്ടാണെന്ന് യുഡിഎഫ് ആരോപിക്കുന്നതിൽ എന്ത് അടിസ്ഥാനമാണുള്ളത്. ഇന്ത്യയിൽ ഒരു കേസിനെ നിയമപരമായി നേരിടാൻ ഒരു പൗരന് എന്തെല്ലാം അവസരമുണ്ടോ അത് ഉപയോഗിച്ചാണ് കെ. സുരേന്ദ്രൻ കേസ് നടത്തിയതും ഒടുവിൽ കുറ്റവിമുക്തനായതും. ഇവിടെ സിപിഎമ്മിന്റെ നേതാക്കൾക്ക് നേരെ കേസ് വരുന്ന സമയത്ത് നെഞ്ചുവേദന അഭിനയിച്ച് ആശുപത്രിയിൽ കിടക്കുന്നത് പോലെയുള്ള പരിപാടികൾക്ക് സുരേന്ദ്രൻ നിന്നിട്ടില്ലെന്ന് എല്ലാവരും ഓർക്കുന്നത് നല്ലതാണ്. – സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി.