പുതുവർഷം കൊഴുപ്പിക്കാൻ മാരക മയക്കുമരുന്നുമായെത്തി; ഇനി പത്തുവർഷം അഴിയെണ്ണം

0

ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും 2.983 കിലോഗ്രാം മെത്താഫിത്തമിൻ ഹൈഡ്രോക്ലോറൈഡ് പിടികൂടിയ സംഭവത്തിൽ രണ്ടാം പ്രതിക്ക് പത്ത് വർഷം കഠിനതടവും 1,50,000/- രൂപ  പിഴയും വിധിച്ചു.

കൊടുങ്ങല്ലൂർ തിരുവള്ളൂർ  പറുപ്പനക്കൽ വീട്ടിൽ അബ്ദുൾ മജിദ് മകൻ സൈനുൾ ആബിദ് (24 വയസ്സ്)നെയാണ് ശിക്ഷിച്ചത്.

ചികിത്സയിൽ കഴിയുന്ന ഒന്നാം പ്രതിയെ മാറ്റിനിർത്തിയാണ് രണ്ടാം പ്രതിയുടെ വിചാരണ പൂർത്തിയാക്കിയത്. ഒന്നാം പ്രതിയുടെ വിചാരണ ചികിത്സ തീരുന്ന മുറക്ക് നടത്താനാണ് തീരുമാനം.

മയക്കുമരുന്ന് കൈവശം വച്ച കേസിലെ പ്രതിയെ നോർത്ത് പറവൂർ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. അഡീഷണൽ സെഷൻസ് കോടതി ജഡ്ജ്  മുജീബ് റഹ്മാൻ സി ആണ് ശിക്ഷ വിധിച്ചത്.

2021 ഡിസംബർ 26 നാണ് സംഭവം. പുതുവത്സരാഘോഷ വിപണി ലക്ഷ്യമിട്ടാണ് ഇവർ മയക്കുമരുന്ന് കൊണ്ടുവന്നത്. സൈനുൾ ആബിദ് ഈ കേസിലെ രണ്ടാം പ്രതിയാണ്.

ഒന്നാം പ്രതി കൊടുങ്ങല്ലൂർ  പടാകുളം  കളപ്പുരയ്ക്കൽ വീട്ടിൽ സുഭാഷ് മകൻ രാഹുൽ സുഭാഷിനൊപ്പം സൈനുൾ ആബിദ് രാസലഹരിയുമായി ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിൽക്കുമ്പോഴാണ് ഇവർ പിടിയിലായത്.

ഇന്റലിജൻസ് ബ്യൂറോ എക്സൈസ് ഇൻസ്പെക്ടർ  എസ്. മനോജ്കുമാറിനും സംഘത്തിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ഡി. സതീശൻ സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് എറണാകുളം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായിരുന്ന  ബി.ടെനിമോൻ ആണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ 2014, ഫാരി എൻ.കെ. ഹാജരായി.

Leave a Reply