കണ്ണൂര്‍: കണ്ണൂരില്‍ അങ്കണവാടിയില്‍ കളിച്ചുകൊണ്ടിരിക്കെ വീണ് മൂന്നര വയസുകാരന്റെ തലയ്ക്ക് പരിക്കേറ്റു. ഓടി കളിക്കുന്നതിനിടയില്‍ വീണ് കട്ടിളപ്പടിയില്‍ ഇടിച്ചാണ് പരിക്കേറ്റത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റ വിവരം അറിയിക്കാന്‍ അങ്കണവാടി അധികൃതര്‍ വൈകിയെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. ഇന്നലെ ഉച്ചയ്ക്ക് മുന്‍പാണ് അപകടമുണ്ടായത്. വൈകുന്നേരം കുട്ടിയെ വീട്ടിലേക്ക് വിളിക്കാന്‍ ചെന്ന സമയത്ത് മാത്രമാണ് പരിക്കുപറ്റിയ വിവരം വീട്ടുകാരെ അധികൃതര്‍ അറിയിക്കുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയെ വീടിനടുത്തുള്ള ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു.
വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. പൊലീസില്‍ പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചു. എന്നാല്‍ അങ്കണവാടില്‍ വച്ച് തന്നെ പ്രാഥമിക ചികിത്സ നല്‍കിയെന്നും വലിയ മുറിവായി തോന്നാത്തതിനാല്‍ വീട്ടുകാരെ വിളിച്ച് അറിയിച്ചില്ലെന്നുമാണ് അധ്യാപിക പ്രതികരിച്ചത്.