തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം നൽകണമെന്ന് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇരുവരും രാജ്ഭവനിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ നിർദേശിച്ചു. നാളെ വൈകിട്ട് നാല് മണിക്ക് രാജ്ഭവനിലെത്തണമെന്നാണ് നിർദേശം.
മലപ്പുറത്തെ സ്വർണക്കടത്തും ഹവാല കേസുകളും വിശദീകരിക്കണം. സംഭവത്തിൽ ഉൾപ്പെട്ട ദേശവിരുദ്ധ ശക്തികളെ സംബന്ധിച്ചും വിശദീകരണം നൽകണമെന്നും ഗവർണർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ നൽകിയില്ല. ഇതേത്തുടർന്ന് നേരിട്ടെത്തി വിശദീകരണം നൽകാൻ ഗവർണർ ആവശ്യപ്പെടുകയായിരുന്നു.
ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി വിവാദ പരാമർശം നടത്തിയത്. മലപ്പുറത്ത് നടക്കുന്ന സ്വർണക്കടത്ത്, ഹവാല എന്നിവയിൽ നിന്ന് ലഭിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നായിരുന്നു പരാമർശം.