നൈസ് ആയി തലയൂരി മുഖ്യമന്ത്രി; അഭിപ്രായങ്ങളൊക്കെ പി ജയരാജന്റേത് മാത്രമാണ്, എന്റേതായി വ്യാഖ്യാനിക്കണ്ട; പിണറായി വിജയൻ

0

കോഴിക്കോട്: പി ജയരാജന്റെ പുസ്തകത്തിലെ അഭിപ്രായങ്ങളൊക്കെ അദ്ദേഹത്തിന്റേത് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം മുസ്ലീം രാഷ്‌ട്രീയം രാഷ്‌ട്രീയ ഇസ്ലാം എന്ന പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട് എൻജിഒ യൂണിയൻ ഹാളിൽ നിർവ്വഹിച്ചതിന് പിന്നാലെ ആയിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. മഅദ്‌നിയെ കുറിച്ചുൾപ്പെടെ പുസ്തകത്തിലെ പരാമർശങ്ങളിൽ പ്രതിഷേധവും ചർച്ചകളും സജീവമാകുന്നതിനിടെയാണ് മുഖ്യമന്ത്രി ആദ്യമേ തലയൂരിയത്.

പുസ്തകം വിശദമായി വായിക്കാനായിട്ടില്ല, എല്ലാ പരാമർശങ്ങളും അതേപോലെ ഞാൻ പങ്കുവെയ്‌ക്കുന്നുവെന്ന് അർത്ഥമില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു പിണറായി വിജയൻ പ്രസംഗം തുടങ്ങിയത്. ഓരോ പുസ്തകത്തിന്റെയും രചയിതാവിന് ഓരോ കാര്യത്തെക്കുറിച്ചും തന്റേതായ അഭിപ്രായമുണ്ടാകും. എന്നാൽ അതേ അഭിപ്രായമുളളവരേ പുസ്തകം പ്രകാശനം ചെയ്യാവൂ എന്ന് നിർബന്ധമുണ്ടാകാറില്ല.

ഞങ്ങൾ ഒരേ പ്രസ്ഥാനത്തിൽ പെട്ടവരാണ്. പ്രസ്ഥാനത്തിന്റെ കാര്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ ഇതിലുണ്ട്. അതിനോടൊക്കെ യോജിപ്പും ഉണ്ടാകും. എന്നാൽ ജയരജന്റെ വ്യക്തിപരമായ വിലയിരുത്തലുകൾ ഉണ്ടാകുമ്പോൾ സ്വാഭാവികമായും വ്യത്യസ്ത വീക്ഷണമായിട്ടാണ് മാറുന്നത്. അതിനെ അങ്ങനെ കണ്ടാൽ മതിയെന്നാണ് ആദ്യമേ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറെ പഠനങ്ങൾ നടത്തിയാണ് ജയരാജൻ തന്റേതായ വിലയിരുത്തൽ രൂപീകരിച്ചിട്ടുളളതെന്നും ഇസ്ലാമിന്റെ കേരളത്തിലേക്കുളള വരവ് മുതലുളള ചരിത്രം ഉൾപ്പെടെ 13 അദ്ധ്യായങ്ങളാണ് പുസ്തകത്തിലുളളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിഡിപി നേതാവ് അബ്ദുൾ നാസർ മഅദ്‌നിയുടെ പ്രസംഗങ്ങൾ കേരളത്തിൽ ഇസ്ലാമിക തീവ്രവാദം വളർത്തിയെന്ന പുസ്തകത്തിലെ പരാമർശം നേരത്തെ വിവാദമായിരുന്നു. പ്രകാശന വേദിക്ക് പുറത്ത് പിഡിപി ഇതിൽ പ്രതിഷേധിച്ച് പുസ്തകം കത്തിക്കുകയും ചെയ്തു.

Leave a Reply