മണ്ണെടുത്ത് തിരിച്ചുവരുന്ന ‘ചന്ദ്രയാൻ-4’ 2028ൽ; ‘ചന്ദ്രയാൻ-5’ ജപ്പാനോടൊപ്പം; ‘ഗഗൻയാൻ’ വൈകും: നിർണായ പ്രഖ്യാപനങ്ങളുമായി എസ്. സോമനാഥ്

0

ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ച് തിരിച്ചുകൊണ്ടുവരുന്ന ഇന്ത്യയുടെ അഭിമാന ദൗത്യമായ ​ഗ​ഗൻയാൻ പദ്ധതി 2025ൽ നടക്കില്ലെന്ന് റിപ്പോർട്ട്. നേരത്തെ നിശ്ചയിച്ച തീയതിക്ക് മാറ്റം വരുത്തിയതായി ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു. പുതിയ തീരുമാനപ്രകാരം 2026ലാകും ​ഗ​ഗൻയാൻ ദൗത്യം നടക്കുകയെന്നും അദ്ദേഹം വ്യക്താക്കി.

ആകാശവാണിയിൽ സംഘടിപ്പിച്ച സർദാർ പട്ടേൽ സ്മാരക പ്രഭാഷണത്തിനിടെയായിരുന്നു ദൗത്യത്തിന്റെ പുതിയ ഷെഡ്യൂളിനെക്കുറിച്ച് ഇസ്രോ ചെയർമാൻ വെളിപ്പെടുത്തിയത്. മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുകയെന്ന നിർണായക ​​ദൗത്യത്തെ ഇസ്രോ ജാഗ്രതയോടെ സമീപിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. ദൗത്യത്തിന്റെ സുരക്ഷയും വിജയവും ഉറപ്പാക്കുന്നതിനുള്ള ഇസ്രോയുടെ പ്രതിബദ്ധതയാണ് ഈ കാലതാമസം സൂചിപ്പിക്കുന്നത്. ഗഗൻയാൻ ദൗത്യത്തെക്കുറിച്ചുള്ള അപ്ഡേറ്റിനൊപ്പം ഇസ്രോ ചെയർമാൻ എസ്. സോമനാഥ് മറ്റ് ചില പ്രോജക്റ്റുകളുടെ സമയക്രമവും വിവരിച്ചു.

ഗഗൻയാൻ: 2026-ൽ
ചന്ദ്രയാൻ-4: സാമ്പിൾ റിട്ടേൺ മിഷൻ 2028-ൽ
നിസാർ: ഇന്ത്യ-യുഎസ് സംയുക്ത ദൗത്യം 2025-ൽ

ജപ്പാന്റെ ബഹിരാകാശ ഏജൻസിയായ ജാക്സയുമായി സഹകരിച്ച് ചന്ദ്രനിൽ ഇറങ്ങാനുള്ള ചന്ദ്രയാൻ-5 ന്റെ പദ്ധതികളെക്കുറിച്ചും ഇസ്രോ മേധാവി സൂചന നൽകി. ഇതിന്റെ വിക്ഷേപണ തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും 2028ന് ശേഷം ചന്ദ്രയാൻ-5 ദൗത്യം പ്രതീക്ഷിക്കുന്നതായി ഇസ്രോ ചെയർമാൻ അറിയിച്ചു.

ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ സംഭാവന നിലവിൽ 2% മാത്രമാണ്. അടുത്ത ദശാബ്ദത്തിനുള്ളിൽ ഇത് രണ്ടിൽ നിന്ന് 10% ആയി ഉയർത്തുകയെന്നതാണ് ഇസ്രോയുടെ ലക്ഷ്യമെന്നും എസ്. സോമനാഥ് പറഞ്ഞു. അന്താരാഷ്‌ട്ര ബഹിരാകാശ രംഗത്ത് പ്രധാന പങ്കുവഹിക്കുന്ന രാജ്യമായി ഭാരതം മാറണമെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply