ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദമായി നിര്‍മിക്കുന്നതും റീസൈക്ലിംഗ് സാധ്യത കൂടുതലുള്ളതുമായ ഉത്പന്നങ്ങള്‍ക്ക് ‘ഇക്കോ മാര്‍ക്ക്’ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇനി നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ വരെ ഇനി വിപണിയിലെത്തുന്നത് പ്രത്യേക ഇക്കോ മാര്‍ക്കോടെയാകും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇത് സംബന്ധിച്ച് വിശദമായ ചട്ടങ്ങള്‍ക്ക് രൂപം നല്‍കി.
ഉത്പന്നങ്ങള്‍ക്ക് ഇക്കോ മാര്‍ക്ക് നല്‍കുന്ന 1991-ലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവിറക്കിയത്. ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍, നിര്‍മാണ പ്രക്രിയ എന്നിവയില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ തോത് പരിശോധിച്ചാണ് ലൈസന്‍സ് നല്‍കുന്നത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് ആക്ടിന് അനുസൃതമായാണ് ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയത്.
നിര്‍മാതാക്കള്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് അപേക്ഷ നല്‍കിയാല്‍ ഇക്കോ മാര്‍ക്ക് നേടാം. ബോര്‍ഡ് ആവശ്യമായ പരിശോധന നടത്തി നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തി സ്റ്റിയറിംഗ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കും. കേന്ദ്ര പരിസ്ഥിതി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഈ കമ്മിറ്റിയാണ് ഇക്കോ മാര്‍ക്കിന് ശുപാര്‍ശ ചെയ്യുന്നത്. മൂന്ന് വര്‍ഷമാണ് ലൈസന്‍സ് കാലാവധി. ശേഷം വീണ്ടും അപേക്ഷിക്കേണ്ടതാണ്.
അതേസമയം നിബന്ധനകളില്‍ വീഴ്ച വരുത്തിയാല്‍ ലൈസന്‍സ് റദ്ദാക്കും. ലൈസന്‍സിന് അപേക്ഷിക്കാനും പുതുക്കുന്നതിനും പ്രത്യേക വെബ്‌സൈറ്റ് ഉടന്‍ ആരംഭിക്കും.