നോയിഡ: ബിഎംഡബ്ല്യു കാർ വാങ്ങാൻ കഴിയുന്ന ഒരാൾക്ക് നൂറ് രൂപയുടെ ചെടിച്ചട്ടി പോലും വാങ്ങാൻ കഴിയില്ലേ എന്ന് സോഷ്യൽ മീഡിയ ഉപഭോക്താക്കളെ കൊണ്ട് ചോദിപ്പിക്കുകയാണ് ഒരു യുവതി. ബിഎംഡബ്ല്യു കാറില്‍ വന്നിറങ്ങി കടയുടെ പുറത്തുവച്ചിരുന്ന ചെടിച്ചട്ടി മോഷ്ടിച്ച യുവതി സിസിടിവി ക്യാമറയിൽ കുടുങ്ങി. നോയിഡയിലാണ് സംഭവം. ഒക്ടോബര്‍ 25-ന് അര്‍ധരാത്രി നടന്ന മോഷണത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സ്ത്രീക്കെതിരേ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
ഒരു സ്ഥാപനത്തിന്റെ പ്രധാന ഗേറ്റിന് സമീപം ചുവന്ന ബിഎംഡബ്ല്യു കാര്‍ പാര്‍ക്കുചെയ്തിരിക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. സ്ത്രീ കടയുടെ പടിയില്‍വെച്ചിരുന്ന ഒരു ചെടിച്ചട്ടി എടുത്ത് കാറിലെ ഡ്രൈവര്‍ സീറ്റിലുള്ള ആളോട് വാഹനത്തിന്റെ ഡോര്‍ തുറക്കാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതനുസരിച്ച് ഇയാള്‍ കാറിന്റെ ഡോര്‍ തുറന്നുകൊടുക്കുന്നുണ്ട്. ചെടിച്ചട്ടി വാഹനത്തിന്റെ പിന്‍സീറ്റില്‍ വെച്ച ശേഷം യുവതി കോ-ഡ്രൈവര്‍ സീറ്റിലേക്ക് മടങ്ങുന്നുണ്ട്.
ലക്ഷങ്ങളോ കോടികളോ വിലയുള്ള ഒരു കാര്‍ വാങ്ങാന്‍ കഴിയുന്നവര്‍ക്ക് 100 രൂപ മുടക്കി ഒരു ചെടിച്ചട്ടി വാങ്ങാന്‍ സാധിക്കില്ലേ എന്നാണ് ഈ വീഡിയോയ്ക്ക് താഴെ പലരും ചോദിക്കുന്നത്. കള്ളന്മാര്‍ പോലും ഇക്കാലത്ത് ബിഎംഡബ്ല്യുവിലാണ് വരുന്നതെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.