ന്യൂഡൽഹി: വ്യാജ ജോലി വാഗ്ദാനത്തിൽ അകപ്പെട്ട് കംബോഡിയിലെത്തി സൈബർ തട്ടിപ്പു സംഘത്തിനായി പ്രവർത്തിക്കാൻ നിർബന്ധിതരായ 67 പേരെക്കൂടി ഇന്ത്യൻ എംബസി രക്ഷപ്പെടുത്തി. ഇവരിൽ 39 പേർ ഇതിനകം ഇന്ത്യയിലെത്തിയാതായും ബാക്കിയുള്ള 28 പേരെ ഉടൻ തിരിച്ചെത്തിക്കുമെന്നും നോം പെനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് എംബസി വീണ്ടും മുന്നറിയിപ്പ് നൽകി. 2022 മുതൽ ആയിരത്തിലേറെപ്പേരെയാണ് എംബസി ഇടപെട്ട് കംബോഡിയയിൽ നിന്നു മാത്രം മോചിപ്പിച്ചത്. 2024 ൽ മാത്രം ഏകദേശം 770 പേരെ തിരിച്ചെത്തിച്ചു. ഡാറ്റാ എൻട്രി ജോലി വാഗ്ദാഹം ചെയ്താണ് സൈബർ തട്ടിപ്പുസംഘങ്ങൾ യുവാക്കളെ കബളിപ്പിച്ചത്. 5,000 ഓളം ഇന്ത്യക്കാർ ഇത്തരം തട്ടിപ്പ് സംഘത്തിന്റെ വലയിൽ അകപ്പെട്ടതായാണ് റിപ്പോർട്ട്.
രണ്ടര വർഷത്തിനിടയിൽ രാജ്യത്ത്നിന്ന് കംബോഡിയ, തായ്‌ലൻഡ് അടക്കമുള്ള തെക്ക് കിഴക്കൻ രാജ്യങ്ങളിലേക്ക് പോയ 29,466 പേർ തിരികെയെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇതിൽ 2,659 പേർ മലയാളികളാണ്. ഏറ്റവും കൂടുതൽ ആളുകൾ മടങ്ങിയെത്താനുള്ളത് പഞ്ചാബ് (3667), മഹാരാഷ്‌ട്ര (3233), തമിഴ്നാട് (3124) സംസ്ഥാനങ്ങളിൽ നിന്നാണ്.